ശ്രീലങ്കൻ കലാപം: 8 മരണം, കർഫ്യൂ, രാഷ്ട്രീയക്കാരുടെ വീടുകൾക്ക് തീയിട്ടു


കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയേത്തുടർന്ന് ശ്രീലങ്കയിൽ നടക്കുന്ന സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താനുള്ള ശ്രമങ്ങൾ പാളുന്നു. തിങ്കളാഴ്ച പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രജപക്സെ രാജി വച്ചതോടെയാണ് കലാപം രൂക്ഷമായത്. ഇതിൽ എട്ട് പേർ കൊല്ലപ്പെട്ടതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 250 ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. കലാപത്തിൽ നിരവധി പൊതുമുതലാണ് കത്തിനശിച്ചത്. 
അദ്ദേഹത്തിന്റെ രാജിക്ക് തൊട്ടുപിന്നാലെ, രാഷ്ട്രീയ-സ്വാധീനമുള്ള രാജപക്‌സെ കുടുംബത്തിന്റെ ഹമ്പൻടോട്ടയിലെ പരമ്പരാഗത വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. അതിന് പുറമെ, മറ്റ് മന്ത്രിമാരുടേയും എംപിമാരുടേയും വീടിന് തീവയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഏകദേശം അൻപതോളം വീടുകൾക്കാണ് ജനം തീയിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതിന് പുറമെ, അനുരാധ പുരയിൽ രജപക്സെ കുടുംബവുമായി അടുപ്പം പുലർത്തുന്ന വ്യവസായ ഗ്രൂപ്പിന്റെ പഞ്ച നക്ഷത്ര ഹോട്ടലും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.ഇതിമ്പിന്നാലെ സർക്കാരിനെ പിന്തുണക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കലാപം അടിച്ചമർത്താൻ പ്രസിഡന്റ് ഗോത്തബയ രജപക്സെ സൈന്യത്തിന് കൂടുതൽ അധികാരം നൽകിയിരുന്നു. രാജിവെച്ച പ്രധാനമന്ത്രി മഹീന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറി. ഇന്നലെ പുലർച്ചെ സൈനിക ഓപറേഷന്റെ ഭാഗമായാണ് ഹെലികോപ്റ്ററിലാണ് അദ്ദേഹത്തേയും കുടുംബത്തേയും നേവൽ ബേസിലേക്ക് മാറ്റിയത്. ഔദ്യോഗിക വസതിക്ക് മേൽ ഇന്നലെ പ്രക്ഷോഭകർ പെട്രോൾ ബോംബ് എറിയുകയും ചെയ്തിരുന്നു. ട്രിങ്കോമാലി നേവൽ ബേസ് വഴി രജപക്സെ രക്ഷപ്പെട്ടേക്കും എന്ന അഭ്യൂഹം പരന്നതോടെ അവിടെയും ജനം തടിച്ചു കൂടിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. മന്ത്രിമാർ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങൾക്കു പുറത്തു കാവൽ നിൽക്കുകയാണ് സമരക്കാർ. പ്രസിഡന്റ് ഗോത്താബയ രജപക്സെയും അധികാരം ഒഴിയണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. അതേസമയം, ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

Previous Post Next Post