ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വഴി തെറ്റാതിരിക്കാൻ പൊലീസിന് റൂട്ട് മാപ്പ് നൽകി ഭർത്താവ്, പുലർച്ചെ മൂന്ന് മണിക്ക് പൊലീസ് എത്തിയപ്പോഴാണ് കൊലപാതകം വീട്ടുകാർ അറിയുന്നത്


  


മാനന്തവാടി: പുലർച്ചെ മൂന്ന് മണിക്ക് പനമരം കുണ്ടാല സ്വദേശി ടാക്സി ഡ്രൈവറായ അബ്ദുൽ റഷീദിന്റെ വീട്ടിൽ പൊലീസ് എത്തി.

 "ഇവിടെ മറ്റാരെങ്കിലും ഉണ്ടോ?", എന്നാണ് ആദ്യത്തെ ചോദ്യം. നേരെ മുകൾ നിലയിലേക്ക് പോയി. പിന്നെ വീട്ടുകാർ ഞെട്ടലോടെ ആ കാഴ്ച കണ്ടു. അതിഥിയായെത്തിയ ബന്ധുവായ യുവതി കട്ടിലിൽ മരിച്ചു കിടക്കുന്നു. രണ്ട് വയസ്സുള്ള കുഞ്ഞിനെ തോളിലിട്ട് ഭാവഭേദമൊന്നുമില്ലാതെ ഭർത്താവ് സോഫയിലും. 

അബ്ദുൽ റഷീദിന്റെ ഭാര്യാസഹോദരന്റെ മകളാണ് മരിച്ച നിതാ ഷെറിൻ. ഇവരുടെ ഭർത്താവ് കോഴിക്കോട് സ്വദേശി വാകേരി അബൂബക്കർ സിദ്ദിഖ് ആണ് പ്രതി. ഇരുവരും കുട്ടിയും കൂടി മൈസൂരുവിലേക്കു വിനോദയാത്രയ്ക്കായി പോകും വഴിയാണ് ബന്ധുവീട്ടിൽ എത്തിയത്. അതിർത്തിയിലെ ഗേറ്റ് നേരത്തെ അടയ്ക്കുമെന്നതിനാൽ രാത്രിയാത്ര ഒഴിവാക്കാനാണ് വീട്ടിൽ തങ്ങാമെന്ന് പറഞ്ഞത്. ഭക്ഷണ ശേഷം മുകൾനിലയിൽ വിശ്രമമുറി ഒരുക്കി നൽകി. പൊലീസ് എത്തുന്നതുവരെ പിന്നീട് സംഭവിച്ചതൊന്നും വീട്ടുകാർ അറിഞ്ഞില്ല. 

അബൂബക്കർ തന്നെയാണ് കോഴിക്കോടുള്ള സഹോദരൻ വഴി കൊലപാതക വിവരം പൊലീസിൽ അറിയിച്ചത്. വഴി തെറ്റാതിരിക്കാൻ താമസിക്കുന്ന സ്ഥലത്തേക്കുള്ള റൂട്ട് മാപ്പും അയച്ചുകൊടുത്തു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് നി​ഗമനം. 
Previous Post Next Post