മൊണാലിസ'ക്കു നേരെ കേക്ക് എറിഞ്ഞ് സന്ദർശകൻ; അകത്തു കടന്നത് സ്ത്രീവേഷം ധരിച്ച്


പാരീസ് : ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്ത ചിത്രമായ മോണാലിസക്കു  നേരെ സ്ത്രീവേഷം ധരിച്ചെത്തിയ ആൾ കേക്കെറിഞ്ഞു. പ്രായമായ സ്ത്രീയുടെ വേഷം ധരിച്ച ഇയാൾ വീൽചെയറിൽ ആണ് എത്തിയത്. ചിത്രത്തിന് മറ്റു കേടുപാടുകളൊന്നും സംഭവിച്ചില്ലെങ്കിലും പുറത്തെ ​ഗ്ലാസിലാകെ കേക്കിന്റെ വെള്ള ക്രീം പതിഞ്ഞിരുന്നു. വൃദ്ധയുടെ വേഷം ധരിച്ച് വീൽചെയറിൽ ഇരുന്നാണ് ഇയാൾ ലോവേ മ്യൂസിയത്തിലേക്ക്  കടന്നത്. വിഗും ലിപ്സ്റ്റിക്കും ധരിച്ച് കാണികൾക്ക് സംശയമൊന്നും തോന്നാത്ത വിധത്തിലാണ് കാണപ്പെട്ടതും. ലിയനാർഡോ ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ കലാസൃഷ്‌ടിയായ മൊണാലിസ മറ്റു സന്ദർശകർ വീക്ഷിച്ചു കൊണ്ടിരുന്നപ്പോൾ, ഇയാൾ വീൽചെയറിൽ നിന്ന് എഴുന്നേറ്റ് കേക്ക് പെയിന്റിംഗിലേക്ക് എറിയുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ഓടിയെത്തി ഇയാളെ മ്യൂസിയത്തിൽ നിന്നും പുറത്താക്കി. പോകുന്നതിനിടെ ഇയാൾ മ്യൂസിയത്തിൽ റോസാപ്പൂവിന്റെ ഇതളുകൾ വിതറുകയും ചെയ്തു. ''ഭൂമിയെ നശിപ്പിക്കുന്നവരുണ്ട്. ആലോചിച്ചു നോക്കൂ. ഭൂമിയെക്കുറിച്ച് ചിന്തിക്കൂ എന്നാണ് കലാകാരന്മാർ നിങ്ങളോട് പറയുന്നത്. അതുകൊണ്ടാണ് ഞാൻ ഇത് ചെയ്തത്'', എന്ന് ഇയാൾ ഫ്രഞ്ച് ഭാഷയിൽ വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ഇയാളെ സംഭവ സ്ഥലത്തു നിന്നും മാറ്റിയ ശേഷം സുരക്ഷാ ജീവനക്കാർ കേക്ക് തുടച്ച് പെയിന്റിങ്ങ് വൃത്തിയാക്കി. ''ഞങ്ങൾ തലയുയർത്തി നോക്കിയപ്പോൾ, വീൽചെയറിൽ ഒരു വൃദ്ധയെപ്പോലെ കാണപ്പെട്ടിരുന്ന ഒരാൾ പെയിന്റിംഗിന്റെ അടുത്തേക്ക് ഓടിയെത്തി, അതിൽ കേക്ക് പുരട്ടുന്നതിന് മുമ്പ് പെയിന്റിങ്ങിൽ കുത്താൻ തുടങ്ങി. അയാളെ അവിടെ നിന്നും പിന്തിരിപ്പിക്കാൻ സുരക്ഷാ ജീവനക്കാർ എത്തി. പക്ഷേ ജനക്കൂട്ടം അൽപം പരിഭ്രാന്തരായിരുന്നു'', പാരിസിലെ ലോവെ മ്യൂസിയത്തിലെത്തിയ സന്ദർശകരിലൊരാളായ ലൂക്ക് സൺബെർഗ് വാർത്താ ഏജൻസിയായ പിഎയോട് പറഞ്ഞു.

Previous Post Next Post