യുഎഇ പ്രസിഡന്റിന്റെ മൃതദേഹം സംസ്‌ക്കരിച്ചു; അബുദാബി ഹൈന്ദവ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥന


അബുദാബി: ഇന്നലെ അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കണ്ണീല്‍ കുതിര്‍ന്ന യാത്രാമൊഴി. അബുദാബിയിലെ അല്‍ ബതീന്‍ ഖബര്‍സ്ഥാനില്‍ ആയിരുന്നു ഖബറടക്കം. അബുദാബി പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌ക്കാരച്ചടങ്ങിന് സഹോദരനും അബൂദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേതൃത്വം നല്‍കി. അല്‍ നഹ്യാന്‍ കുടുംബാംഗങ്ങളും യുഎഇ ഭരണാധികാരികളും ഉള്‍പ്പെടെ നൂറു കണകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

​മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹവും നമസ്‌ക്കാരത്തില്‍ പങ്കാളികളായി.


ഇന്നലെ സന്ധ്യാപ്രാര്‍ഥനയായ മഗ്രിബ് നമസ്‌ക്കാരത്തിന് ശേഷം രാജ്യത്തെ എല്ലാ പള്ളികളിലും ഭരണാധികാരിയുടെ പേരില്‍ മയ്യിത്ത് നമസ്‌ക്കാരവും പ്രാര്‍ഥനയും നടന്നു. മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹവും നമസ്‌ക്കാരത്തില്‍ പങ്കാളികളായി. ഇന്ന് മുശ്രിഫ് കൊട്ടാരത്തില്‍ വച്ച് യുഎഇ ഭരണാധികാരികളില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുമുള്ള അനുശോചനം അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


​വരുദിനങ്ങളിലും ഭരണാധികാരിക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍


അതിനിടെ, ഇന്ത്യക്കാരെ ഏറെ സ്‌നേഹിച്ച യുഎഇ ഭരണാധികാരിയുടെ നിത്യ ശാന്തിക്കായി അബുദാബിയിലെ ഹൈന്ദവ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. നമ്മുടെ പ്രിയപ്പെട്ട ഭരണാധികാരിയുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നതോടൊപ്പം കുടുംബത്തിന്റെയും യുഎഇ ജനതയുടെയും ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി ബിഎപിഎസ് ക്ഷേത്രത്തിലെ സ്വാമിനാരായണ്‍ സന്‍സ്ത പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വം യുഎഇയെ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും കേന്ദ്രമായും സൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും വിളക്കുമാടമായും പരിവര്‍ത്തിപ്പിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുദിനങ്ങളിലും ക്ഷേത്രത്തിലും ഹൈന്ദവ വിശ്വാസികളുടെ വീടുകളും അന്തരിച്ച ഭരണാധികാരിക്കു വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധി

2004 മുതല്‍ യുഎഇയുടെ പ്രസിഡന്റും സര്‍വ സൈന്യാധിപനും അബൂദാബി എമിറേറ്റിന്റെ ഭരണാധികാരിയുമായിരുന്ന ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് വിടപറഞ്ഞത്. പ്രസിഡന്റിന്റെ നിര്യാണത്തില്‍ ദുഖസൂചകമായി യുഎഇയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണം പൂര്‍ത്തിയാകുന്നതോടെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കും.

Previous Post Next Post