കോട്ടയം : മുഖ്യമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് കോട്ടയം നഗരത്തിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി. സുരക്ഷയ്ക്കായി അനുഗമിച്ചത് ദ്രുത കര്‍മ്മ സേനയും നാല്‍പ്പതംഗ സംഘവുമായിരുന്നു
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയില്‍ തടഞ്ഞതുൾപ്പെടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് കാരണമായി
കോട്ടയത്ത് രാവിലെ നടന്ന പരിപാടിക്ക് ഉള്‍പ്പെടെ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രിയെ എത്തിച്ചത്. അതീവ സുരക്ഷയുടെ ഭാഗമായി നാല്‍പ്പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തില്‍ 5 പേര്‍ ഉണ്ടാകും. രണ്ട് കമാന്‍ഡോ വാഹനങ്ങളും സുരക്ഷയ്‌ക്കായി ഏര്‍പ്പെടുത്തിയിരുന്നു.
എട്ട് അംഗ ദ്രുത കര്‍മ്മ പരിശോധന സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഒരു പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടും കൂടുതലായെത്തും.
രാവിലെ കോട്ടയം നഗരം ഒന്നാകെ പൂട്ടിയ നിലയിലായിരുന്നു. പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നേകാല്‍ മണിക്കൂര്‍ മുമ്പേ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചിട്ടത് പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കി.
ബസേലിയോസ് ജംഗ്ഷന്‍ , കലക്ടറേറ്റ് ജംഗ്ഷന്‍, ചന്തക്ക വല, ഈരയില്‍ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും അടച്ചു. ഇതിന് പുറമേ പരിപാടികള്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു
സ്വപ്‌ന സുരേഷിന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രണ്ട് ദിവസമായി സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. മുഖ്യമന്ത്രി രാജിവെച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രീയ-യുവജന സംഘടനകളും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ ഉള്‍പ്പെടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.
അതേസമയം ഇന്ന് രാവിലെ സുരക്ഷാ ക്രമീകരണങ്ങള്‍ എല്ലാം മറികടന്ന് ബിജെപി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചാണ് പ്രതിഷേധം നടത്തിയത്. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കോട്ടയം നഗരത്തിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചത് അക്ഷരാർത്ഥത്തിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി. ഒരാളെ പോലും കടത്തിവിടാതെയാണ് നഗരത്തിന്റെ പല ഭാഗങ്ങളും അടച്ചിട്ടിരിക്കുന്നത്. വാഹനങ്ങള്‍ മുഴുവന്‍ തടഞ്ഞുനിര്‍ത്തിയാണ് കേരള പോലീസ് പിണറായി വിജയന് സുരക്ഷ ഒരുക്കുന്നത്.
ഇതോടെ ചെകുത്താനും കടലിനിലും ഇടയിലായത് കോട്ടയത്തെ പൊലീസാണ്. വിവാദങ്ങളുടെ പശ്ചാതലത്തിൽ കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്.
കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി പൊലീസ് നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ശക്തമായ സുരക്ഷയൊരുക്കാൻ പൊലീസിന് കഴിഞ്ഞത്. ഇന്നലെ വൈകുന്നേരം മുതൽ പൊലീസ് നഗരത്തിൽ ശക്തമായ പരിശോധനകൾ ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ മുതൽ തന്നെ യൂത്ത് കോൺഗ്രസുകാരും ബിജെപിക്കാരും കരിങ്കൊടി കാണിക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് നാട്ടകം ഗസ്റ്റ് ഹൗസ് മുതൽ കോട്ടയം വരെയുള്ള ഇടങ്ങളിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി എത്തുന്നതിന് ഒന്നര മണിക്കൂർ മുൻപ് തന്നെ റോഡ് ബ്ലോക്ക് ചെയ്തത്. ഇതോടെ പൊലീസിനെതിരെ വ്യാപക പരാതിയാണ് നാട്ടുകാർ ഉന്നയിച്ചത്.
സേനാംഗങ്ങൾ ഉൾപ്പടെ കറുത്ത മാസ്ക് ധരിക്കരുതെന്ന് നിർദ്ദേശം വന്നതിന് പിന്നാലെ ആനയ്ക്ക് വരെ വെളുത്ത പെയിന്റടിച്ച് സോഷ്യൽ മീഡിയയും തകർത്തു