തോക്കേന്തിയ കമാൻഡോകളുമായി മുഖ്യൻ നാട് ഭരിച്ച കാലം ഉണ്ടായിരുന്നു; പ്രതിപക്ഷത്തെ പരിഹസിച്ച് എഎ റഹിം


തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതിനെ പരിഹസിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി എഎ റഹിം എംപി. എല്ലാ ആരോപണങ്ങളും പൊളിയുമ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്നമെന്ന് റഹിം പരിഹസിച്ചു. 

ഇടതു മുന്നണി ഉമ്മൻ ചാണ്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്ന കാലത്താണ് അന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചത്. കേരളാ പോലീസിലെ പ്രത്യേകം പരിശീലനം ലഭിച്ച കമാൻഡോകളാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയിരുന്നത്. തോക്ക് ധാരികളായ 15 കമാൻഡോകളാണ് അദ്ദേഹത്തിന് ഒരേ സമയം സുരക്ഷ നൽകാൻ രംഗത്തുണ്ടായിരുന്നത്.

റഹിമിന്റെ പരിഹാസം ഇങ്ങനെ- "എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്പോൾ, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്നം. മറവിരോഗം ബാധിച്ചവർക്കായി ഒരു പഴയ വാർത്ത. തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം. 

അതും ഇന്ത്യൻ പട്ടാളം അതിർത്തിയിൽ ഉപയോഗിക്കുന്ന തോക്കുകൾ." റഹിം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയും റഹിം പങ്കുവെച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരെ ഇടതു മുന്നണി പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്കോർപിയോൺ കമാൻഡോകളാണ് സുരക്ഷ നൽകിയത്.
Previous Post Next Post