ദുബായ്: അടിയന്തര പാസ്‌പോര്‍ട്ട് പുതുക്കലിന് ദുബായിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി തത്കാല്‍ വഴി അപേക്ഷിക്കാമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍. പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് വന്‍ തിരക്ക് നേരിടാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തിയ പ്രത്യേക വോക്ക് ഇന്‍ ക്യാംപുകളെ തുടര്‍ന്നാണ് നടപടി.കഴിഞ്ഞ മാസം രണ്ട് ഞായറാഴ്ചകളിലായി നടന്ന പ്രത്യേക ക്യാംപുകളില്‍ രണ്ടായിരത്തോളം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പരിശോധിച്ചു. ഔട് സോഴ്‌സ് ചെയ്ത സേവനദാതാവ് ബിഎല്‍എസ് ഇന്റര്‍നാഷനലുമായുള്ള അപോയിന്‍മെന്റ് ഉറപ്പാക്കുന്നതിലെ കാലതാമസത്തെ കുറിച്ച് ആളുകള്‍ ഈയാഴ്ച ആദ്യം ദുബായില്‍ നടന്ന പൊതുസംവാദത്തില്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എല്ലാ തത്കാല്‍ അപേക്ഷകള്‍ക്കും വോക്ക് ഇന്‍ സേവനം അനുവദിക്കാനുള്ള തീരുമാനമെടുത്തതെന്ന് സ്ഥാനപതി പറഞ്ഞു.
പാസ്‌പോര്‍ട്ടുകള്‍ക്കായി അപോയിന്‍മെന്റ് ലഭിക്കാത്ത ചിലര്‍ പ്രശ്‌നം ഉന്നയിച്ചു. അതിനാല്‍, ഇപ്പോള്‍ എല്ലാ തത്കാല്‍ സേവനങ്ങളും അപോയിന്‍മെന്റുകളെ അടിസ്ഥാനമാക്കിയല്ലാതെ വോക്ക് ഇന്‍ ആക്കിയതായി അദ്ദേഹം വ്യക്തമാക്കി. തത്കാല്‍ അപേക്ഷകള്‍ക്കായുള്ള വോക്ക് ഇന്‍ സേവനം ബിഎല്‍എസില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമാകും. ദുബായിലെ കേന്ദ്രങ്ങളില്‍ ആരംഭിച്ച ശേഷം മറ്റ് എമിറേറ്റുകളിലും വ്യാപിപ്പിക്കുകയാണ് ചെയ്യുക.
തത്കാല്‍ അപേക്ഷകള്‍ വഴിയുള്ള പാസ്‌പോര്‍ട്ടുകള്‍ ഡെലിവറിക്കായി തെരഞ്ഞെടുത്ത ഓപ്ഷനെ ആശ്രയിച്ച് ഒരു ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നേരിട്ടോ കൊറിയര്‍ വഴിയോ ഡെലിവറി ചെയ്യും. പോലീസ് വെരിഫിക്കേഷന്‍ നടത്തിയവരുടെ യോഗ്യരായ അപേക്ഷകള്‍ മാത്രമേ തത്കാല്‍ വിഭാഗത്തിന് കീഴില്‍ അനുവദിക്കുകയുള്ളൂ.