കുവൈറ്റ് മനുഷ്യക്കടത്തിൽ ഇതുവരെ മൂന്ന് യുവതികളാണ് പൊലീസിൽ പരാതി നൽകിയത്. ഇതിൽ ആദ്യം പരാതി നൽകിയത് ഫോർട്ട് കൊച്ചി സ്വദേശിയാണ്. 35കാരി പൊലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന ചൂഷണം പുറത്തായത്. പരാതി പിൻവലിക്കാൻ പല രീതിയിൽ സമ്മർദ്ദമുണ്ടെന്ന് പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞു.
കുവൈറ്റിൽ അറബികളുടെ വീട്ടിലും ഏജന്‍റിന്‍റെ ക്യാമ്പിലും യുവതികൾ നേരിട്ട ദുരിതത്തിന്‍റെ ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നു. അടിമക്കച്ചവടത്തിന് സമാനമായാണ് തങ്ങളെ കൈമാറിയതെന്ന് തൃക്കാക്കരയിലെ യുവതി പറഞ്ഞു. മനുഷ്യക്കടത്തിലെ പ്രധാനി കണ്ണൂർ സ്വദേശിയായ മജീദാണ്.
വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ മജീദിന്‍റെ സ്ഥാപനം കുവൈറ്റ് സർക്കാർ സീൽ വച്ചു. എന്നാൽ മജീദിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പത്തനംതിട്ട സ്വദേശി അജുമോന്‍റെ അറസ്റ്റിനപ്പുറം വിദേശത്തുള്ള മജീദിനെ കേരളത്തിലെത്തിക്കുകയാണ് അന്വേഷണത്തിൽ നിർണ്ണായകമാവുക.