'അക്രമിക്കപ്പെട്ടു, അധിക്ഷേപിക്കപ്പെട്ടു'; നേരിട്ടത് ഒരു സ്ഥാനാർഥിക്കും ഉണ്ടാകാത്ത അനുഭവം, തുറന്ന് പറഞ്ഞ് ജോ ജോസഫ്


കൊച്ചി: ഏറ്റവും അധികം ആക്രമിക്കപ്പെട്ട സ്ഥാനാർഥി താനാണെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള അക്രമണവും അധിക്ഷേപവും നേരിടേണ്ടി വന്നു. തൻ്റെ വിദ്യാഭ്യാസം പോലും വ്യാജമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. വ്യാജ വീഡിയോ കേസിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

താൻ സഭയുടെ സ്ഥാനാർഥിയാണെന്ന പ്രചാരണത്തിനൊപ്പം പണം നൽകിയാണ് ഡിഗ്രികൾ എല്ലാം വാങ്ങിയതെന്ന ആരോപണവുമുണ്ടായി. പാർട്ടി ഒരു ചുമതല ഏൽപ്പിച്ചത് മുതൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ മികച്ച രീതിയിൽ പ്രവർത്തിച്ചു. തെരഞ്ഞെടുപ്പ് ഫലം വ്യക്തിപരമായിരുന്നില്ല. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി മാത്രമാണ് കണ്ടത്. തോൽവി സംഭവിച്ചു എന്നത് സത്യമാണെന്നും ജോ ജോസഫ് പറഞ്ഞു.

വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് പോലീസ് സത്യം പുറത്തുകൊണ്ടുവരുമെന്നാണ് തൻ്റെ വിശ്വാസം. കേസിൽ നിന്നും പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. തൃക്കാക്കരയിൽ തോൽവി സംഭവിച്ചെങ്കിലും സജീവ രാഷ്ട്രീയത്തിൽ തുടരും. തോൽവിയുടെ കാരണം പാർട്ടി കണ്ടെത്തും. ഉപതെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷവും തൃക്കാക്കരയിലെ വോട്ടർമാരോട് ബന്ധം പുലർത്തുന്നുണ്ട്. ചിലരെ ഫോണിൽ വിളിക്കുകയും മറ്റു ചിലരെ വീടുകളിൽ പോയി കാണുകയും ചെയ്തു. സജീവ രാഷ്ട്രീയത്തിൽ ഇനിയും തുടരും. ഇടതുപക്ഷ പ്രസ്ഥാനത്തിൽ പ്രഫഷനുകൾക്ക് പ്രവർത്തിക്കാൻ അവസരമുണ്ട്.

തൃക്കാക്കരയിൽ സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ യാതൊരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. വളരെ യാദൃശ്ചികമായിട്ടാണ് പ്രഖ്യാപനമുണ്ടായത്. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെയുള്ള ട്രോളുകൾ ശ്രദ്ധിക്കാറില്ല. കുറച്ച് ട്രോളുകൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ട്രോളുകൾ ചെയ്യുന്നവർക്ക് അതാണ് ഇഷ്ടമെങ്കിൽ അവർ അത് ചെയ്യട്ടെ, അവരെ തടസപ്പെടുത്താനില്ലെന്നും ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻ വിജയമാണ് യുഡിഎഫ് സ്ഥനാർഥി ഉമ തോമസ് സ്വന്തമാക്കിയത്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് 47752 വോട്ടുകൾ നേടിയപ്പോൾ 72767 വോട്ടുകളാണ് ഉമ തോമസ് നേടിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച പി ടി തോമസ് 59839 വോട്ടുകളാണ് നേടിയത്.

Previous Post Next Post