ബന്ധുവീട്ടിൽ ഉത്സവം കൂടാനെത്തി; രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ കുളത്തിൽ മുങ്ങി മരിച്ചു




തേനി: തമിഴ്‌നാട്ടിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മുങ്ങി മരിച്ചു. തേനി ജില്ലയിലെ പെരിയകുളത്താണ് സംഭവം. ഒരു കുട്ടിയെ ഗുരുതരാവസ്ഥയിൽ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

മണിമാരൻ (12), ശബരി (11), പനീർസെൽവം (24) എന്നിവരാണ് മരിച്ചത്. രുദ്രൻ (7) ആണ് തേനിയിൽ ചികിത്സയിലുള്ളത്. നാട്ടുകാരാണ് രുദ്രനെ രക്ഷപ്പെടുത്തിയത്. പെരിയകുളത്തിനടുത്ത് കൈലാസപ്പട്ടിയിലെ മുത്താലമ്മൻ ക്ഷേത്രോത്സവത്തിന് ബന്ധു വീട്ടിൽ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

ബുധനാഴ്ച വൈകീട്ട് പനീർസെൽവത്തിനൊപ്പമാണ് കുട്ടികൾ വീടിനു സമീപത്തെ കുളത്തിൽ കുളിക്കാൻ പോയത്. എന്നാൽ ആഴമുള്ള വെള്ളത്തിൽ കുട്ടികൾ മുങ്ങിപ്പോയി. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പനീർസെൽവം അപകടത്തിൽപ്പെട്ടത്. 

സമീപത്തുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിക്കൂടിയവരിൽ ചിലരാണ് കുളത്തിൽ നിന്ന് ഇവരെ കരയ്ക്കെത്തിച്ചത്. അപകടത്തിൽപ്പെട്ട നാല് പേരിൽ രുദ്രനു മാത്രമാണ് രക്ഷപ്പെടുത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നത്.
Previous Post Next Post