ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ റിസോര്‍ട്ട് രാഷ്ട്രീയം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. ഈ പശ്ചാത്തലത്തില്‍ സുപ്രിംകോടതി നല്‍കിയ മുന്നറിയിപ്പുകള്‍ക്കും പ്രസക്തിയേറുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ കുതിരക്കച്ചവടം തടയാന്‍ ശക്തമായ നിയമം കൊണ്ടുവരുന്നത് പാര്‍ലമെന്റ് പരിഗണിക്കണമെന്നാണ് കര്‍ണാടക കേസില്‍ സുപ്രിംകോടതി വിലയിരുത്തിയത്. മധ്യപ്രദേശ് കേസിലും സുപ്രിംകോടതി ശക്തമായ നിരീക്ഷണം നടത്തി.
ജനങ്ങള്‍ക്ക് സുസ്ഥിരസര്‍ക്കാരിനെ നിഷേധിക്കുന്ന വിധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കുതിരക്കച്ചവടവും അഴിമതിയും നടത്തുന്നതിനെതിരെ നിയമങ്ങള്‍ ശക്തമാക്കണമെന്നാണ് 2019 ലെ കര്‍ണാടക കേസില്‍ സുപ്രിംകോടതിയുടെ വിലയിരുത്തല്‍. ഭരണഘടനയുടെ പത്താം പട്ടികയിലെ ചില ഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ആയിരുന്നു ജസ്റ്റിസ് എന്‍ വി രമണയുടെ നിരീക്ഷണം. 2020 ലെ മധപ്രദേശ് കേസിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും കുതിരക്കച്ചവടത്തിനെതിരെ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തി.
ഗവര്‍ണറുടെയും സ്പീക്കറുടെയും അധികാരം, കൂറുമാറ്റക്കാരുടെ അയോഗ്യതയില്‍ സ്പീക്കര്‍ തീരുമാനമെടുക്കേണ്ട സമയക്രമം തുടങ്ങിയവയില്‍ ഇടപെടാനുള്ള സുപ്രിംകോടതിയുടെ പരിമിതികളും വിവിധ കേസുകള്‍ പ്രതിഫലിച്ചു. കൂറുമാറിയ അംഗങ്ങളുടെ അയോഗ്യതയില്‍ സമയബന്ധിതമായി തീരുമാനമെടുക്കുന്നത് സംബന്ധിച്ച് നിയമമുണ്ടാക്കേണ്ടത് പാര്‍ലമെന്റാണെന്ന് 2021 ജൂലൈയില്‍ സുപ്രിംകോടതി പറഞ്ഞിരുന്നു. കൂടാതെ, ഇത്തരം രാഷ്ട്രീയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ ഗവര്‍ണറുടെയും സ്പീക്കറുടെയും അധികാരത്തില്‍ ജുഡീഷ്യറിക്ക് എത്രത്തോളം ഇടപെടാമെന്നതും സുപ്രിംകോടതിയില്‍ പലതവണ ചര്‍ച്ചയ്ക്ക് വഴിവെച്ചു. എന്നാല്‍, ഇക്കാര്യം ഉചിതമായ സമയത്ത് പരിശോധിക്കുമെന്ന് മാത്രമാണ് 2019 ല്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കേസില്‍ സുപ്രിം കോടതി പറഞ്ഞത്.
മഹാരാഷ്ട്രയില്‍ 55 അംഗങ്ങളുള്ള ശിവസേനയ്ക്ക് കൂറുമാറ്റനിയമം ബാധകമാകാതിരിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ഉണ്ടാകേണ്ടത് 37 പേരാണ്. ശിവസേനയുടെ 34 എംഎല്‍എമാരും സ്വതന്ത്രരും ഉള്‍പ്പെടെ 47 പേര്‍ തനിക്കൊപ്പം ഉണ്ടെന്നാണ് ഷിന്‍ഡെ നടത്തിയ ഒടുവിലത്തെ അവകാശവാദം.