കറുത്ത മാസ്കുകൾക്ക് തവനൂരിലും വിലക്ക്; പ്രതിഷേധങ്ങൾക്ക് നടുവിൽ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

 


മലപ്പുറം: ശക്തമായ പ്രതിഷേധങ്ങൾക്ക് നടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി മടങ്ങും വരെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കുറ്റിപ്പുറം മിനിപമ്പയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. 

ജയിൽ ഉദ്ഘാടന ചടങ്ങിന് വന്ന നാട്ടുകാരുടെ കറുത്ത മാസ്ക് ഊരി വാങ്ങിയ പൊലീസ്, പകരം മഞ്ഞ മാസ്ക് നൽകി ആണ് സദസ്സിൽ പ്രവേശിപ്പിച്ചത്. വഴി നീളെ ഉള്ള കരിങ്കൊടി പ്രതിഷേധങ്ങൾ മറികടന്നായിരുന്നു പിണറായി വിജയൻ തവനൂർ എത്തിയത്. കുന്നംകുളത്തും എടപ്പാൾ കണ്ടനകത്തും യുവമോർച്ച പ്രവർത്തകർ പിണറായി വിജയനെ കരിങ്കൊടി കാണിച്ചു. 

ചങ്ങരംകുളത്ത് കരിങ്കൊടി കാണിക്കാൻ നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു. വഴിയിൽ ഉടനീളം പോലീസ് കണ്ണിൽ എണ്ണയൊഴിച്ചും കയ്യിൽ ലാത്തിയേന്തിയും മുഖ്യൻ്റെ സുരക്ഷയ്ക്ക് വഴി ഒരുക്കാൻ നിലയിരുപ്പിച്ചിരുന്നു.

തവനൂർ സെൻട്രൽ ജയിൽ പരിസരത്തും സമാനതകൾ ഇല്ലാത്ത സുരക്ഷാ പരിശോധനകൾ ആയിരുന്നു. മെറ്റൽ ഡിറ്റക്റ്ററും സ്കാനറും ഉപയോഗിച്ചുള്ള പതിവ് പരിശോധനയ്ക്ക് പുറമെ മറ്റൊരു മുൻകരുതൽ നടപടി കൂടി പൊലീസ് കൈക്കൊണ്ടു. കറുത്ത മാസ്ക് ധരിച്ച് വരുന്നവരോട് അത് മാറ്റാൻ ആവശ്യപ്പെട്ടു, അവർക്ക് പുതിയ മഞ്ഞ മാസ്ക് നൽകി.

സദസ്സിൽ നിന്നും കറുത്ത മാസ്ക് കൊണ്ടുള്ള പ്രതിഷേധം ഉയരുന്നത് തടയാൻ ആയിരുന്നു പോലീസിൻ്റെ ഈ ജാഗ്രത. ഏറെ വൈകാതെ സദസ്സിനു പുറത്ത് കറുത്ത മാസ്കുകൾ കുന്നുകൂടി. എന്നാൽ അങ്ങനെ മാസ്ക് മാറ്റാൻ നിർദേശം ഒന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു പോലീസിൻ്റെ ഔദ്യോഗിക വിശദീകരണം. ഒരിടത്ത് ഉദ്ഘാടനം ആഘോഷമായി നടക്കുമ്പോൾ അവിടെ നിന്നും ഒന്നര കിലോമീറ്റർ അകലെ കുറ്റിപ്പുറം മിനി പമ്പയിൽ പ്രതിഷേധങ്ങളും കത്തിക്കയറി.

യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം പോലീസ് ബാരിക്കേഡ് വച്ച് പൂട്ടി. കുറ്റിപ്പുറം പൊന്നാനി ദേശീയ പാത ഒരു മണിക്കൂറോളം പോലീസ് അടച്ചു പൂട്ടി. ഡി സി സി പ്രസിഡൻ്റ് വി എസ് ജോയ് അടക്കമുള്ള നേതാക്കളും പ്രവർത്തകരും ബാരിക്കേഡിനു മുകളിൽ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

മുദ്രാവാക്യം വിളിച്ച് വിളിച്ച് ബാരിക്കേഡ് തള്ളാൻ തുടങ്ങിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നെ കുത്തിയിരിപ്പ് സമരമായി. മുഖ്യമന്ത്രി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന പ്രതിഷേധം മുന്നിൽ കണ്ട് പോലീസ് പ്രവർത്തകരെ തൂക്കിയെടുത്ത് കൊണ്ടുപോകാൻ തുടങ്ങി. 11 മണിക്ക് മുൻപേ മുഖ്യമന്ത്രി കടന്നുപോയി. അപ്പോഴും മിനിപമ്പയിൽ പ്രതിഷേധങ്ങൾ ഒടുങ്ങിയിരുന്നില്ല.


Previous Post Next Post