മലപ്പുറം: തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി പരിഹസിച്ച് മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയി. ലോകചരിത്രത്തില്‍ ആദ്യമായി കള്ളന്മാര്‍ക്ക് കിടക്കാനുള്ള ജയില്‍ ഒരു കൊള്ളക്കാരന്റെ കൈകളാല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
കേരളത്തിന്റെ മുഖ്യമന്ത്രി ഏറ്റവും വലിയ കൊള്ളക്കാരനായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ ഉദ്ഘാടനം ചെയ്ത് പോകാന്‍ പാടില്ലെന്നും ആ ജയിലിലെ അദ്യത്തെ അന്തേവാസിയായി അന്തിയുറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ജോയി പറഞ്ഞു. മുഖ്യമന്ത്രിയുടേയും ഭരണകൂടത്തിന്റേയും പോലീസിന്റേയും ഭാഗത്തുനിന്ന് ഏത് തരത്തിലുള്ള അടിച്ചമര്‍ത്തലുണ്ടായാലും അതിനെയെല്ലാം ചെറുത്ത് തോല്‍പിച്ച് മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കുന്നംകുളത്തും പെരുമ്പിലാവിലും ചങ്ങരംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം തവനൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രമാധ്യേ മുഖ്യമന്ത്രിയ്ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ഇടവഴിയില്‍ മറഞ്ഞു നിന്ന ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു.
മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കും. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്