ഡ്യൂട്ടിക്കിടയിൽ പരുക്കേറ്റയാൾക്ക് സഹായമില്ല; സംഘടനാ നേതാവിനു ചികിൽസാ ഗ്രാന്റ്








തിരുവനന്തപുരം∙ പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര ആവശ്യങ്ങൾക്കു നൽകുന്ന സഹായധന ഫണ്ടായ കേരള പൊലീസ് വെൽഫയർ അമിനിറ്റി ഫണ്ട് വിനിയോഗത്തിൽ സ്വജനപക്ഷപാതമെന്ന് ആക്ഷേപം. ഡ്യൂട്ടിക്കിടെ അപകടം പറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സാ ആവശ്യത്തിനു ഗ്രാന്റിനായി അപേക്ഷിച്ചപ്പോൾ അതു നിരസിച്ചു. എന്നാൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവിന്റെ അമ്മയ്ക്കു ചികിത്സക്കു വേണ്ടിയുള്ള അപേക്ഷയിൽ ഗ്രാന്റ് അനുവദിച്ചെന്നാണു പൊലീസുകാരുടെ പരാതി.

ഫണ്ടിൽ നിന്നും നൽകുന്ന വായ്പകൾ തുല്യ ഗഡുക്കളായി തിരിച്ചടക്കണം. എന്നാൽ ഗ്രാന്റുകൾ തിരിച്ചടക്കേണ്ടതില്ല. സിറ്റി പൊലീസ് കമ്മിഷണർ അധ്യക്ഷനായ സമിതിയാണു ധനസഹായം അനുവദിക്കുന്നത്. പൊലീസ് സംഘടനാ നേതാക്കൾ സമിതിയിലെ അംഗങ്ങളാണ്. സാധാരണ പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങളെ പുറംതള്ളി സംഘടനാ നേതാക്കൾ സ്വന്തം കാര്യം നേടിയെടുക്കുന്നവരാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ശമ്പളത്തിൽ നിന്നാണു വെൽഫെയർ ഫണ്ടിലേക്കു വാർഷികമായി തുക സമാഹരിക്കുന്നത്.

യൂണിഫോംധാരികളായ ഉദ്യോഗസ്ഥരിൽ നിന്നാണു ഫണ്ടിലേക്കു കൂടുതൽ തുക ലഭിക്കുന്നത്. എന്നാൽ വായ്പയും ഗ്രാന്റും കൂടുതലായി നേടുന്നത് എണ്ണത്തിൽ കുറവായ മിനിസ്റ്റീരിയൽ വിഭാഗം ഉദ്യോഗസ്ഥരാണെന്ന ആക്ഷേപവുമുണ്ട്. കമ്മിഷണർ അധ്യക്ഷനായ സമിതിയുടെ വിവേചനപരമായ നടപടി ലോകായുക്തയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം പൊലീസുകാർ. പൊലീസ് കംപ്ലെയിന്റസ് അതോറിറ്റിക്കും പരാതി നൽകുമെന്ന് അവർ പറഞ്ഞു.


Previous Post Next Post