'പ്രതിപക്ഷ നേതാവ് എവിടെ... അവനെ കൊല്ലും...'; കൻ്റോൺമെൻ്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ എത്തിയത് ആയുധവുമായെന്ന് ആരോപണം


തിരുവനന്തപുരം : കൻ്റോൺമെൻ്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ്. ഉച്ചയ്ക്ക് 12.20 ന് ആയുധങ്ങളുമായി മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിപക്ഷ നേതാവിൻ്റെ വസതിയായ കൻ്റോൺമെൻ്റ് ഹൗസ് വളപ്പിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് വാർത്താക്കുറിപ്പിൽ ആരോപിച്ചു. 'പ്രതിപക്ഷ നേതാവ് എവിടെ... അവനെ കൊല്ലും...' എന്ന് ആക്രോശിച്ച് കൻ്റോൺമെൻ്റ് ഹൗസിലേക്ക് കയറിയ അക്രമികൾ കല്ലെറിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ് ആരോപിക്കുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ തടയുന്നതിനിടെ മൂന്നു പേരും പിന്തിരിഞ്ഞോടി. രണ്ടു പേർ പോലീസ് എയിഡ് പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പോലീസുകാർ തടഞ്ഞുവെച്ചു. സിറ്റി പോലീസ് കമ്മീഷ്ണറെയും മ്യൂസിയം പോലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് പുറത്ത് നിന്ന് കൂടുതൽ പോലീസ് എത്തി കൻ്റോൺമെൻ്റ് ഹൗസ് വളപ്പിൽ നിന്നും ഡിവൈഎഫ്ഐ പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ വസതിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ ആക്രമികൾ പരിക്കേൽപ്പിച്ചു. കൻ്റോൺമെൻ്റ് വളപ്പിലെ ചെടിച്ചട്ടികൾ തകർക്കുകയും ചെയ്തു. മാരകായുധങ്ങളുമായി കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

Previous Post Next Post