കരിപ്പൂരില്‍ 1.80 കോടിയുടെ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍


മലപ്പുറം: കരിപ്പൂരില്‍ 1.80 കോടിയുടെ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍. രണ്ടുപേര്‍ സ്വര്‍ണം കടത്തിയത് ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച്. എയര്‍കസ്റ്റംസ് ഇന്റലിജന്‍സും കരിപ്പൂര്‍ പോലീസും ചേര്‍ന്നാണ് മൂവര്‍സംഘത്തില്‍നിന്ന് സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് നാദാപുരം കണ്ണോത്ത്കണ്ടി കെ.കെ ജുനൈദ് (28) ആണ് കസ്റ്റംസിനെ വെട്ടിച്ചു പുറത്തു കടത്തിയ സ്വര്‍ണവുമായി കരിപ്പൂര്‍ പോലീസിന്റെ പിടിയിലായത്. 1822 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നു കണ്ടെത്തിയത്. സ്വര്‍ണത്തിന് 80 ലക്ഷം രൂപ വിലവരും. അബൂദാബിയില്‍ നിന്നു ഇൻഡിഗോ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കോഴിക്കോട് കുറ്റ്യാടി എടക്കാട്ട് കണ്ടിയില്‍ മുഹമ്മദ് ഹനീസ് (26), കോഴിക്കോട് കുന്ദമംഗലം സ്വദേശി നടുവംഞ്ചാലില്‍ കബീര്‍ (34) എന്നിവരെയാണ് സ്വര്‍ണം കടത്തുന്നതിനിടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌ക്കറ്റില്‍ നിന്നാണ് ഹനീസ് കരിപ്പൂരിലെത്തിയത്. 1132 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ദോഹയില്‍ നിന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കബീര്‍ എത്തിയത്. 1012 ഗ്രാം സ്വര്‍ണമാണ് ഇയാളും ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

Previous Post Next Post