ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ച ഐ ക്ലൗഡ് ഇ-മെയിലിൽ ഉണ്ടെന്ന് കണ്ടെത്തിയ അനന്തകൃഷ്ണൻ ഇത് വ്യക്തമാക്കി ആപ്പിളിന്റെ എൻജിനീയർമാർക്ക് വിവരം കൈമാറുകയായിരുന്നു.
ജനുവരിയിലാണ് സുരക്ഷാവീഴ്ച ശ്രദ്ധയിൽപെട്ടത്. ആപ്പിൾ ഡവലപ്പർമാർ സുരക്ഷാവീഴ്ച പരിഹരിച്ചെങ്കിലും എല്ലാ അക്കൗണ്ടുകൾക്കും അതു ബാധകമായില്ലെന്നും അനന്തകൃഷ്ണൻ കണ്ടെത്തി. പുതിയതായി സൃഷ്ടിക്കുന്ന അക്കൗണ്ടുകൾക്കു മാത്രമേ സുരക്ഷ കൂടുന്നുള്ളൂവെന്ന കണ്ടെത്തലും അനന്തകൃഷ്ണൻ ആപ്പിളുമായി പങ്കുവച്ചു. നിലവിൽ ഈ സുരക്ഷാവീഴ്ച പരിഹരിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിനു മുൻപ് ഗൂഗിൾ, ഫെയ്സ്ബുക്, ഗിറ്റ്ഹബ് തുടങ്ങിയവയുടെ സുരക്ഷാവീഴ്ച കണ്ടെത്തിയും അനന്തകൃഷ്ണൻ ആ കമ്പനികളുടെ ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിച്ചിരുന്നു. 2500 യുഎസ് ഡോളറാണ് ആപ്പിളിന്റെ സമ്മാനം. കേരള പൊലീസിന്റെ സൈബർ ഡോമിലും ഹാക്കർമാരുടെ സംഘടനയായ ഡെഫ്കോൺ ട്രിവാൻഡ്രത്തിലും അംഗമാണ് അനന്തകൃഷ്ണൻ.