IIT വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ IAS ഉദ്യോഗസ്ഥന് സസ്പെൻഷൻ


റാഞ്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഐഎഎസ് ഓഫീസർ സയ്യിദ് റിയാസ് അഹമ്മദിനെ  ജാർഖണ്ഡ്  സർക്കാർ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തു. എഞ്ചിനീയറിംഗ് വിദ്യാർത്ഥി ​പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഖുന്തിയിലെ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) അഹമ്മദിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.

"സയ്യിദ് റിയാസ് അഹമ്മദിനെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈംഗികാതിക്രമക്കേസാണ് ചുമത്തിയിരിക്കുന്നത്" -മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഹമ്മദിനെതിരെ ഐപിസി സെക്ഷൻ 354 (ക്രിമിനൽ ബലപ്രയോഗം), 354 എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) എന്നീ കുറ്റങ്ങൾ ചുമത്തിയതായി പൊലീസ് പറഞ്ഞു.

ജൂലൈ അഞ്ചിനാണ് കോടതി ഉദ്യോഗസ്ഥനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പെൺകുട്ടി ഉൾപ്പടെ ഐഐടിയിലെ എട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ സംസ്ഥാനത്തിന് പുറത്ത് നിന്ന് പരിശീലനത്തിനായി ഖുന്തിയിൽ എത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണറുടെ വസതിയിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ അവർ പങ്കെടുത്തു. പാർട്ടിയിൽ തനിച്ചായപ്പോൾ റിയാസ് അഹമ്മദ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ് അഹമ്മദിനെയും അന്ന് പാർട്ടിയിൽ പങ്കെടുത്ത ചില അതിഥികളെയും ചോദ്യം ചെയ്തിരുന്നു.

Previous Post Next Post