വീട്ടിലാക്കാമെന്ന് പറഞ്ഞ് 73-കാരിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; 43-കാരൻ അറസ്റ്റിൽ







കിളിമാനൂര്‍:
ക്ഷേത്രത്തില്‍നിന്നു മടങ്ങുകയായിരുന്ന 73-കാരിയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് കാറില്‍ കയറ്റി പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. 26-ന് രാവിലെ നടന്ന സംഭവത്തിലെ പ്രതിയെ പല സ്ഥലങ്ങളുള്ള നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍ ആണ് പിടികൂടിയത്. പള്ളിക്കല്‍ കെ.കെ.കോണം കോണത്ത് വീട്ടില്‍ അല്‍-അമീനാ(43)ണ് പിടിയിലായത്. ഇയാള്‍ മുന്‍പും ഇത്തരം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

26-ന് രാവിലെയാണ് സംഭവം. ക്ഷേത്രത്തില്‍നിന്നു വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വയോധികയെ നടക്കേണ്ടെന്നും വീട്ടിലാക്കാമെന്നും പറഞ്ഞ് നയത്തില്‍ കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുപോകാതെ വിജനമായ സ്ഥലങ്ങളില്‍ കാര്‍ നിര്‍ത്തി പീഡനത്തിനിരയാക്കി. രാത്രിയോടെ വീടിനു സമീപമുള്ള റോഡില്‍ ഇറക്കിവിട്ടശേഷം കടന്നു.

രാത്രിയില്‍ വയോധിക വാര്‍ഡംഗത്തെയും തുടര്‍ന്ന് പോലീസിലും അറിയിച്ചു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ജി.ബിനുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ എസ്.എച്ച്.ഒ. എസ്.സനോജ്, എസ്.ഐ. വിജിത്ത് കെ.നായര്‍, സി.പി.ഒ. അരുണ്‍, മഹേഷ്, സുനില്‍കുമാര്‍, ഡബ്ല്യു.സി.പി.ഒ. രേഖ എന്നിവരുള്‍പ്പെട്ട പോലീസ് സംഘം പലസ്ഥലങ്ങളിലായി നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളടക്കം പരിശോധിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post