ജീവിക്കാന്‍ മാര്‍ഗമില്ല; ദയാവധത്തിന് അപേക്ഷ നല്‍കി മലയാളി ട്രാന്‍സ് വുമണ്‍

ബംഗളൂരു :ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ട് ദയാവധത്തിന് അപേക്ഷ നല്‍കി മലയാളി ട്രാന്‍സ് വുമണ്‍. ബംഗളൂരുവില്‍ താമസിക്കുന്ന റിഹാനയാണ് ദയാവധം നടത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.
കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് റിഹാന.
എട്ട് വര്‍ഷം മുന്‍പാണ് റിഹാന കര്‍ണാടകയില്‍ എത്തുന്നത്. തുടര്‍ന്ന് ലിംഗമാറ്റവുമായി ബന്ധപ്പെട്ട് രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. മൂന്ന് ലക്ഷത്തോളം രൂപ ചെലവുള്ള ശസ്ത്രക്രിയകളാണ് നടത്തിയത്. ഇതിന് പലരുടേയും സഹായം വേണ്ടിവന്നു.

ശസ്ത്രക്രിയയ്‌ക്ക് ശേഷം ബംഗളൂരുവില്‍ തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നാണ് കരുതിയത്. എന്നാല്‍ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള റിഹാനയ്‌ക്ക് ടെക്‌സ്‌റ്റൈല്‍സിലോ, ആശുപത്രിയിലോ, മറ്റ് കച്ചവട സ്ഥാപനങ്ങളിലോ ഒന്നും തന്നെ ജോലി കിട്ടിയില്ല. കോളേജില്‍ പഠിക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ സ്വത്വത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ റിഹാനയെ പിന്തിരിപ്പിച്ചു.

ബംഗളൂരു നഗരത്തില്‍ വാടകയ്‌ക്ക് ഒരു വീട് പോലും കിട്ടാതെയായി ഇവര്‍ക്ക്. വാടകയ്‌ക്ക് ലഭിക്കുന്ന വീടുകളില്‍ നിന്ന് അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് ഒരാഴ്ചയ്‌ക്കകം ഇറക്കിവിടും. ലൈംഗിക തൊഴിലാളിയാകാന്‍ താത്പര്യമില്ലാത്തത് കൊണ്ട് തന്നെ റിഹാന പിന്നീട് ഭിക്ഷാടനത്തിലേക്ക് ഇറങ്ങുകയായിരുന്നു.

എന്നാല്‍ ജീവിതം എല്ലാം കൊണ്ടും മടുത്തുവെന്ന് റിഹാന പറയുന്നു. മരിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല, എന്നാല്‍ ജീവിക്കാന്‍ മുന്നില്‍ വേറെയൊരു വഴിയുമില്ല. ദയാവധം നടത്തണമെന്ന തന്റെ അപേക്ഷ ആദ്യമൊന്നും ജില്ലാ ഭരണകൂടം സ്വീകരിച്ചില്ലെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് അത് സ്വീകരിച്ചത് എന്നും റിഹാന മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.



Previous Post Next Post