കേരള കോണ്‍ഗ്രസിനെ കൂടെ കൂട്ടിയതതിന്റെ ഗുണം കിട്ടിയത് കോട്ടയത്ത് മാത്രം; വിമര്‍ശനവുമായി സി.പി.ഐ


കോട്ടയം:കേരള കോൺഗ്രസിനെ ഇടതുമുന്നണിയിൽ പങ്കാളിയാക്കിയതിന്റെ ഗുണം സംസ്ഥാനത്താകെ നേടാനായില്ലെന്ന് സി.പി.ഐ. ജില്ലാസമ്മേളന റിപ്പോർട്ടിൽ വിമർശം. കോട്ടയം ജില്ലയിൽ മാത്രമാണ് കേരള കോൺഗ്രസ് (എം) മുന്നണിയുടെ ഭാഗമായതിന്റെ ഗുണമുണ്ടായത്. എന്നാൽ ജില്ലയിൽ ഏറെക്കാലം പ്രതിപക്ഷത്ത് മാത്രമായിരുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഭരണത്തിലെത്താൻ കേരളകോൺഗ്രസിന്റെ വരവ് പ്രയോജനം ചെയ്തുവെന്ന നല്ലവാക്കുമുണ്ട്.
13 സീറ്റ് അനുവദിച്ചെങ്കിലും പേരാമ്പ്ര സി.പി.എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റിലാണ് കേരള കോൺഗ്രസ് മത്സരിച്ചത്. ഇതിൽ അഞ്ചുസീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. ഇത് അവരുടെ ജനസ്വാധീനമെത്ര എന്നതിന്റെ സൂചനയാണ്. പാലായിൽ ജോസ് കെ.മാണി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റാരുടെയും തലയിൽ കെട്ടിവയ്ക്കേണ്ടെന്നും റിപ്പോർട്ട് പറയുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാർത്ഥിത്വം പാലായിലെ ജനങ്ങൾ അംഗീകരിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

പാലാ, കടുത്തുരുത്തി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിൽ സി.പി.എം. പ്രദേശിക നേതൃത്വം കേരളകോൺഗ്രസിനോട് കൂടുതൽ അടുപ്പം കാണിക്കുന്നു. സി.പി.ഐ.യെ ഒഴിവാക്കിയുള്ള ഈ സമീപനം സി.പി.എം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ അറിഞ്ഞാണെന്ന് സി.പി.ഐ. കരുതുന്നില്ല. പൂഞ്ഞാർ, തീക്കോയി സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.ഐ. ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യമുണ്ടായി. ഇത് സി.പി.എം.- കേരള കോൺഗ്രസ്(എം) സൗഹൃദസമീപനത്തിന്റെ തെളിവാണ്. സംഘടനാശേഷിയെ വിമർശിക്കുന്നവർക്ക് ചെവികൊടുക്കേണ്ട കാര്യമില്ല. ജില്ലയിൽ ഏറ്റവുംവലിയ ഭൂരിപക്ഷം സി.പി.ഐ. മത്സരിച്ച വൈക്കത്തായിരുന്നുവെന്നത് പാർട്ടിയുടെ ശക്തിതെളിയിക്കുന്നു. ഇത്തരം വിമർശനങ്ങൾക്ക് മറുപടിപറയാൻ മിനക്കെടാതെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നാണ് സമ്മേളന റിപ്പോർട്ട് ആഹ്വാനംചെയ്യുന്നത്.
വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളിൽപ്പെട്ടവർക്ക് ഇടതു വിദ്യാർത്ഥി, യുവജനസംഘടനകളിൽനിന്ന് തന്നെ മർദ്ദനവും ആക്ഷേപങ്ങളും ഏൽക്കേണ്ടിവന്നിട്ടുണ്ട്. ഇത് ഇടതുപക്ഷനയം സ്വീകരിച്ചിരിക്കുന്ന വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങൾക്ക് ഭൂഷണമാണോയെന്ന് സ്വയം വിമർശനം നടത്തുകയാണ് വേണ്ടതെന്നും റിപ്പോർട്ടിലുണ്ട്.
أحدث أقدم