വാഷിങ്ടൺ: ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ ഭ്രമണപാത തെറ്റിക്കാനുള്ള നാസയുടെ ഡാർട്ട് ദൗത്യം വിജയം. ഡാർട്ട് പേടകം ഛിന്നഗ്രഹത്തെ ഇടിച്ചിറങ്ങുന്ന വീഡിയോ നാസ പങ്കുവെച്ചു.
നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നാണ് ഡാർട്ട് (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്). ഛിന്നഗ്രഹത്തെ പ്രതിരോധിക്കാൻ ഡാർട്ടിന് കഴിഞ്ഞതോടെ ഭൗമ പ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പായാണ് ഈ വിജയം കണക്കാക്കുന്നത്.
ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന ചെറുഛിന്നഗ്രഹത്തെയാണ് ഡാർട്ട് ലക്ഷ്യമിട്ടത്. സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിലാണ് ഡാർട്ട് ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തത്. ഡാർട്ടിന്റെ ഇടി വെടിയുണ്ടയേക്കാൾ വേഗത്തിലാവും എന്നാണ് ശാസ്ത്രലോകം കണക്കാക്കിയിരുന്നത്.
ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം വന്നാല്‍ പ്രതിരോധിക്കുകയാണ് ഡാര്‍ട്ട് പരീക്ഷണത്തിലൂടെയുള്ള ശാസ്ത്രലോകത്തിന്റെ ലക്ഷ്യം. നവംബര്‍ 24നായിരുന്നു ഡാര്‍ട്ട് പേടകത്തിന്റെ വിക്ഷേപണം. നാസയുടെ സ്‌പേസ് എക്‌സ് റോക്കറ്റിലേറിയായിരുന്നു ഡാര്‍ട്ടിന്റെ യാത്ര. 612 കിലോ ഭാരവും ഒന്നര മീറ്റര്‍ നീളവുമാണ് ഡാര്‍ട്ട് പേടകത്തിനുള്ളത്.