ആളില്ലെന്ന് കരുതി വീട്ടിൽ കയറി സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ തന്ത്രപൂർവ്വം കുടുക്കി പൊലീസ്.





കൊല്ലം: ആളില്ലെന്ന് കരുതി വീട്ടിൽ കയറി സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ തന്ത്രപൂർവ്വം കുടുക്കി പൊലീസ്. കൊല്ലം നിലമേലിലാണ് സംഭവം. തിരുവനന്തപുരം വെടിവെച്ചാംകോവിൽ അറപ്പുരവീട്ടിൽ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി സുഭാഷ് എന്നിവരാണ് പിടിയിലായത്. മോഷണം നടത്തുമ്പോൾ വീട്ടുകാർ വരുന്നത് കൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫോൺ നഷ്ടമായതാണ് കേസിൽ പൊലീസിന് തുമ്പായത്.

കൊല്ലം നിലമേൽ എം.സി റോഡിന് സമീപം കണ്ണംകോടുളള വീട്ടിലെ പിൻവശത്തെ വാതിൽ പൊളിച്ചാണ് പ്രതികൾ വീടിനുള്ളിൽ കടന്നത്. അലമാരയിൽനിന്ന് സ്വർണം എടുക്കുന്നതിനിടെ പുറത്തുപോയിരുന്ന വീട്ടുകാർ സ്ഥലത്തെത്തി. ആളനക്കം കേട്ട് പിൻവശത്തെ വാതിൽ വഴി ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളിൽ ഒരാളുടെ ഫോൺ കളഞ്ഞുപോകുകയായിരുന്നു.

വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെ, ചടയമംഗലം പൊലീസ് സ്ഥലത്തെത്തി. പരിശോധനയിൽ മോഷ്ടാക്കളുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു ചിക്കൻ കടയിലെ ബംഗാൾ സ്വദേശിയുമായി പ്രതികൾ ഫോൺ വിളിക്കുന്ന കാര്യം പൊലീസ് ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് ചിക്കൻകടയിലെ ബംഗാൾ സ്വദേശിയെക്കൊണ്ട് രാജേഷിന്‍റെ രണ്ടാമത്തെ ഫോൺ നമ്പരിലേക്ക് പൊലീസ് വിളിപ്പിക്കുകയായിരുന്നു. ഫോൺ കളഞ്ഞുകിട്ടിയിട്ടുണ്ടെന്നും കടയിൽ എത്തിയാൽ കൈമാറാമെന്നും അറിയിച്ചു. ഇതനുസരിച്ച് രാജേഷ് ചിക്കൻകടയിലെത്തി. സമീപത്ത് കാത്തുനിൽക്കുകയായിരുന്ന മഫ്ത്തിയിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു
أحدث أقدم