നടൻ സോമന്റെ ഓർമകൾക്ക് 25 വർഷം; കമൽഹാസന് ലൈഫ്ടൈം അച്ഛീവ്മെന്റ് അവാര്‍ഡ്; ഒരു മാസം നീളുന്ന പരിപാടികൾ


മലയാള സിനിമയുടെ അഭിമാനമായിരുന്ന എം.ജി. സോമന്‍  വിടവാങ്ങിയിട്ട് 25 വർഷങ്ങൾ. ഇതോടനുബന്ധിച്ച് ഒരു മാസം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇക്കൊല്ലം എം.ജി. സോമന്‍ ഫൗണ്ടേഷന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നടൻ കമൽഹാസന് എം.ജി. സോമന്‍ സ്മാരക ലൈഫ്ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിക്കും.
എം.ജി. സോമന്‍ സ്മൃതി സന്ധ്യയും അവാര്‍ഡ് നിശയും ഡിസംബര്‍ 19-നാണ് നടക്കുക. തിരുവല്ല വിജയ ഇന്റര്‍നാഷണല്‍ കൺവെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍, സംസ്ഥാന സാംസ്ക്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവൻ കമൽഹാസന് ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ്  സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം
ചടങ്ങില്‍ സോമന്റെ സഹപ്രവർത്തകരായിരുന്ന സുരേഷ് ഗോപി, വിജയരാഘവന്‍, കുഞ്ചന്‍, ജയഭാരതി, സീമ, വിധുബാല, അംബിക, ഹരിഹരന്‍, ജോഷി, പ്രിയദര്‍ശന്‍, ചെറിയാന്‍ കല്പകവാടി , ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ തുടങ്ങി 25-ലേറെ പേര്‍ പങ്കെടുക്കും. പ്രമുഖര്‍ സോമനൊപ്പമുള്ള നാളുകളിലെ ഓര്‍മ്മകള്‍ പങ്കുവയ്ക്കും. പിണിഗായകന്‍ സുദീപ് കുമാര്‍ നയിക്കുന്ന എം.ജി. സോമന്‍ ചിത്രങ്ങളിലെ പാട്ടുകള്‍ കോർത്തിണക്കിയ ഗനോപഹാരവും ഉണ്ടാകും.

നവംബര്‍ 17ന് ലഹരിക്കെതിരെ തെരുവ് നാടക ബോധവല്‍ക്കരണ പരിപാടികളോടെയാണ് തുടക്കം. ഡിസംബര്‍ 19ന് എം.ജി. സോമന്‍ സ്മൃതി സന്ധ്യ, അവാര്‍ഡ് നിശ എന്നീ പരിപാടികളോടെ സമാപനം കുറിക്കും.
നാടകത്തിലൂടെ രംഗപ്രവേശം നടത്തി സിനിമയുടെ ഉയരങ്ങള്‍ കീഴടക്കിയ എം.ജി. സോമന്‍ കടന്നുവന്ന വഴികളെ സ്പര്‍ശിക്കും വിധത്തിലാണ് അനുസ്മരണ പരിപാടികളുടെ ക്രമീകരണം. വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ സാംസ്കാരിക വകുപ്പുമന്ത്രി, തമിഴ് - മലയാളം ചലച്ചിത്ര മേഖലകളില്‍ നിന്നുള്ള പ്രതിഭകള്‍, സാംസ്‌കാരിക നായകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ പ്രാതിനിധ്യം ഉണ്ടാകും.

പരിപാടികളുടെ ഭാഗമായി കരുനാഗപ്പള്ളി നാടകശാല അവതരിപ്പിക്കുന്ന 'അരുത് ലഹരി' എന്ന പേരിൽ ലഹരിവിരുദ്ധ തെരുവുനാടകം 17, 18 തിയതികളില്‍ തിരുവല്ലയിലെ ക്യാമ്പസുകൾ, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലായി നടക്കും. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ 17ന് രാവിലെ 9ന് ഫാ. സിജോ പന്തപ്പള്ളില്‍ ഉദ്ഘാടനം ചെയ്യും.

19ന് ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കലാമത്സരങ്ങള്‍ ഉണ്ടാവും. ചലച്ചിത്ര സംവിധായകന്‍ ബാബു തിരുവല്ല ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ നവംബര്‍ 25, 26 തിയതികളില്‍ യുവാക്കള്‍ക്കുള്ള നാടകക്കളരി നടക്കും. 25ന് രാവിലെ 9.30ന് ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും.

ഡിസംബര്‍ 2, 3 തിയതികളില്‍ അമച്വര്‍ നാടകമത്സരവുമായി 'നാടകോത്സവം' നടത്തി മികച്ച നാടകത്തിന് താരസംഘടനയായ 'അമ്മ' ഏര്‍പ്പെടുത്തിയ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. തിരുവല്ല സെന്റ് ജോൺസ് ഓഡിറ്റോറിയത്തില്‍ രണ്ടാം തിയതി വൈകുന്നേരം ആറിന് തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കര്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ 12 ആണ് എം.ജി. സോമന്റെ ചരമ വാര്‍ഷികം. അന്നു രാവിലെ എട്ടു മണിക്ക് തിരുമൂലപുരത്തുള്ള എം.ജി. സോമന്റെ വസതിയില്‍ സ്മൃതിദിനാചരണത്തിന്റെ ഭാഗമായി ആസാദ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തും.

ബ്‌ളെസ്സി (ചെയര്‍മാന്‍), ജോര്‍ജ്ജ് മാത്യു (വര്‍ക്കിംഗ് ചെയര്‍മാന്‍), എസ്. കൈലാസ് (ജനറല്‍ സെക്രട്ടറി), സുജാത സോമന്‍ (ട്രസ്റ്റി) എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുക.

أحدث أقدم