അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു. ഡിസംബര്‍ ഒന്നാം തീയതിയാണ് ആദ്യഘട്ട വോട്ടെടുപ്പ്. 89 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
ബിജെപിയും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും തമ്മിലാണ് മുഖ്യമത്സരമെങ്കിലും ആം ആദ്മി പാര്‍ട്ടിയും പ്രചാരണരംഗത്ത് സജീവമാണ്. ഒരു സീറ്റ് ഒഴികെ മറ്റെല്ലാ മണ്ഡലത്തിലും കെജരിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്.
ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദന്‍ ഗഡ്‌വി, മുന്‍ ഗുജറാത്ത് മന്ത്രിയായ പരിഷോത്തം സോളങ്കി, ആറ് തവണ എംഎല്‍എയായി കുന്‍വര്‍ജി ബവാലി, കാന്തിലാല്‍ അമൃതീയ, ക്രിക്കറ്റ് താരം ജഡേഡജയുടെ ഭാര്യ റിവാബ്, ഗുജറാത്ത് എഎപി സംസ്ഥാന അധ്യക്ഷന്‍ എന്നിവരാണ് ആദ്യഘട്ട മത്സരരംഗത്തെ പ്രമുഖര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ബിജെപിക്കായി പ്രചാരണരംഗത്ത് സജീവമായി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അസം മുഖ്യമന്ത്രി ഹിമന്തയും നിരവധി യോഗങ്ങളില്‍ സംസാരിച്ചു. ആംആദ്മിക്കായി കെജരിവാളാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെ എന്നിവരും പ്രചാരണത്തിനെത്തി.
അദ്യഘട്ടത്തില്‍ ബിജെപിക്കായി ഒന്‍പത് വനിതകളും കോണ്‍ഗ്രസിനായി ആറും, ആം ആദ്മിക്കായി അഞ്ചുപേരും മത്സരരംഗത്തുണ്ട്. 788 സ്ഥാനാര്‍ഥികളില്‍ 718 പേര്‍ പുരുഷന്‍മാരും 70 സ്ത്രീകളുമാണ് ഉള്ളത്. ബിഎസിപിക്കായി 57 പേര്‍ മത്സരിക്കുന്നു. ബിടിപി 14, എസ്പി 12, സിപിഎം 4, സിപിഐ 2 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ പട്ടിക. 339 സ്വതന്ത്രരും മത്സരംഗത്തുണ്ട്.