കുഴിവെട്ട് അധ്യാപന പരിചയമാകില്ല; പ്രിയ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

 കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിന്റെ നിയമനത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി.

 അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ല. അത് യാഥാർഥ്യമാകണം. ഡെപ്യൂട്ടേഷൻ കാലയളവിൽ എന്താണ് പഠിപ്പിച്ചതെന്നും കോടതി ചോദിച്ചു. എന്.എസ്.എസ്. കോ-ഓർഡിനേറ്റർ പദവിയിലിരുന്ന് താങ്കൾ എന്താണ് പഠിപ്പിച്ചതെന്നും കോടതി പ്രിയാ വർഗീസിനോട് ആരാഞ്ഞു. 

കുഴിവെട്ട് അധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഡെപ്യൂട്ടേഷൻ കാലാവധി അധ്യാപനപരിചയമായി കണക്കാക്കാൻ കഴിയില്ലെന്നാണ് യു.ജി.സിയുടെ നിലപാട്. ഇത് ശരിവെക്കുന്ന രീതിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.

 എന്.എസ്.എസ്. കോ-ഓർഡിനേറ്റർ കാലയളവിലെ പ്രവൃത്തിപരിചയത്തെക്കുറിച്ച് പ്രിയാ വർഗീസ് നല്കിയ സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ആവശ്യമായ അധ്യാപന പരിചയം തനിക്കുണ്ടെന്നാണ് പ്രിയാ വർഗീസിന്റെ നിലപാട്. തനിക്ക് പത്തുവർഷത്തെ പരിചയമുണ്ടെന്ന് അവര് വാദിക്കുന്നു. ഡെപ്യൂട്ടേഷൻ കാലയളവും അധ്യാപനപരിചയമായി കണക്കാക്കാം എന്നതാണ് ഇവരുടെ വാദം. ഇതേ വാദമാണ് കണ്ണൂർ സർവകലാശാല രജിസ്ട്രാറും കോടതിയിൽ കഴിഞ്ഞ ദിവസം സ്വീകരിച്ചത്. എന്നാൽ, ഇത് യു.ജി.സി. അംഗീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ കോടതികൂടി സമാനചോദ്യങ്ങൾ ഉന്നയിക്കുന്നതോടെ പ്രിയാ വർഗീസിന്റെ നിയമനം റദ്ദാവാനാണ് സാധ്യത.

അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും പ്രിയാ വർഗീസിന്റെ യോഗ്യത പരിശോധിച്ചിരുന്നോയെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. പ്രിയാ വർഗീസിന്റെ അധ്യാപന പരിചയം പരിശോധിച്ചതിൽ വ്യക്തതയില്ലെന്ന് കണ്ണൂർ രജിസ്ട്രാർക്കും കോടതിയുടെ ഭാഗത്തുനിന്ന് വിമർശനമുണ്ടായിരുന്നു.


أحدث أقدم