ചരക്ക് കപ്പലിൽ മലയാളിയായ ജീവനക്കാരനെ യാത്രാമധ്യേ കാണാതായി


മലയാളിയായ ചരക്ക് കപ്പല്‍ ജീവനക്കാരനെ യാത്രാമധ്യേ കാണാനില്ലെന്ന് പരാതി. ഷിപിങ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ വിശ്വ ഏക്ത കപ്പലിലെ ട്രെയിനി ഉദ്യോഗസ്ഥന്‍ എന്‍ എസ് പ്രജിതിനെയാണ് കാണാതായത്. വിശാഖപട്ടണത്ത് നിന്നും ഗുജറാതിലേക്കുള്ള യാത്രാ മധ്യേയാണ് കാണാതായതെന്നാണ് ശനിയാഴ്ച കമ്പനി  ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ ചരക്കുമായി വിശാഖപട്ടണത്ത് നിന്നും യാത്ര തിരിച്ചത്. അന്നാണ് പ്രജിത് അവസാനമായി വീട്ടിലേക്ക് വിളിച്ചതും. വയനാട് മാനന്തവാടിക്കടുത്ത വാളാട് സ്വദേശി നരിക്കുഴിയില്‍ ഷാജി, ഷീജ ദമ്പതികളുടെ മകനാണ്. വെളളിയാഴ്ച അമ്മയ്ക്ക് ഫോണില്‍ സന്ദേശമയക്കുകയും ചെയ്തിരുന്നു. തീരത്തേക്കെത്താന്‍ കുറച്ച് ദിവസം കൂടിയെടുക്കുമെന്നായിരുന്നു ആ സന്ദേശം. ശനിയാഴ്ച രാവിലെ ജീവനക്കാരുടെ അറ്റന്‍ഡന്‍സ് എടുക്കുമ്പോള്‍ പ്രജിതിനെ കാണാനില്ലെന്നും വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ഉറങ്ങാന്‍ പോയതായിരുന്നുവെന്നുമാണ് കപ്പല്‍ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. കപ്പല്‍ തിരിച്ചുപോയി തിരച്ചില്‍ നടത്തിയെന്നും ഇന്ന് ഉച്ചവരെ തിരച്ചില്‍ തുടരുമെന്നും അറിയിച്ചിരുന്നു. കപ്പല്‍ ഇപ്പോഴും തീരത്തടുക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങളും വീട്ടുകാര്‍ക്ക് ലഭ്യമായിട്ടില്ല. എന്‍ജിനിയറിംഗ് ബിരുദദാരിയായ പ്രജിത് സെപ്തംബര്‍ 13 നാണ് കപ്പിലിലെ ജോലിക്കായി പോയത്. തുടര്‍ന്ന് ഒരുമാസത്തോളം വിശാഖപട്ടണത്ത് തന്നെയായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു
Previous Post Next Post