തടിപിടിക്കാൻ എത്തിയ പിടിയാന ഇടഞ്ഞോടിയത് പന്ത്രണ്ടു കിലോമീറ്റർ




മണ്ണാര്‍ക്കാട്: നാടിനെ പരിഭ്രാന്തിയിലാക്കി ദേശീയപാതയിലൂടെ ആനയുടെ ഓട്ടം. മൈലാംപാടം കാരാപാടത്ത് തടി വലിക്കാനെത്തിയ ആനയാണ് ഉച്ചക്ക് രണ്ടരയോടെ അക്ഷമ കാട്ടിയത്.
ചൂട് സഹിക്കാനാകാത്തതോടെ ക്ഷമ നശിച്ച ആനയെ കുളിപ്പിക്കാനായി കുരുത്തിച്ചാലിലേക്ക് കൊണ്ടുപോയി. ഇതിനിടെ സമീപത്തുണ്ടായിരുന്ന സന്ദര്‍ശകരായ യുവാക്കള്‍ ബൈക്കില്‍ നിന്നും ഹോണ്‍ മുഴക്കിയതോടെ ആന കൂടുതല്‍ പരിഭ്രാന്തി പരത്തുകയായിരുന്നു. തുടര്‍ന്ന് കല്യാണകാപ്പ് ചുങ്കം വഴി ദേശീയപാതയിലേക്ക് പ്രവേശിച്ച ആന മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജിന് സമീപമെത്തിയാണ് നിന്നത്. 12 കിലോമീറ്റര്‍ ദൂരമാണ് ആന റോഡിലൂടെ ഓടിയത്. ഇതിനിടയില്‍ ഒരു നാശനഷ്ടവും വരുത്തിയില്ല. സ്‌കൂള്‍ വിടുന്ന സമയമായതിനാല്‍ എല്ലാവരും ആശങ്കയിലായിരുന്നു. മൂന്നരയോടെ എം.ഇ.എസ് കോളേജിന് സമീപം കയറ്റത്തില്‍ ആനയെ തളയ്ക്കുകയായിരുന്നു. വെള്ളം നനച്ചും ഭക്ഷണം നല്‍കിയും ആനയെ തണുപ്പിച്ചു. ആന ഇവിടെ നിലയുറപ്പിച്ചതോടെ ഒരു മണിക്കൂറോളം ഗതാഗത തടസപ്പെട്ടു. അര കിലോമീറ്റര്‍ കൂടി ആന സഞ്ചരിച്ചിരുന്നെങ്കില്‍ മണ്ണാര്‍ക്കാട് നഗരത്തിലേക്ക് പ്രവേശിക്കുമായിരുന്നു. ആനയെ തണുപ്പിക്കാനായി ഫയര്‍ഫോഴ്സിനെ വിളിച്ചെങ്കിലും അവര്‍ വരാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചു.
പിന്നീട് കോളേജിന് സമീപം ആനയെത്തിയപ്പോഴേക്കും ഫയര്‍ഫോഴ്സ് വന്നെങ്കിലും നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി തിരിച്ചുവിടുകയായിരുന്നു. കൊണ്ടോട്ടി സ്വദേശിയുടെ 'മിനി' എന്ന പിടിയാനയാണ് പരിഭ്രാന്തി പരത്തിയത്.അതേസമയം ഇടഞ്ഞോടുന്ന ആനയെ പ്രതിരോധിക്കാന്‍ ഫയര്‍ഫോഴ്സിന് പരിമിതികളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


أحدث أقدم