കർണാടക മേയ് 10-ന് ബൂത്തിലേക്ക്; വോട്ടെണ്ണൽ മെയ് 13-ന്


 ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 10-നാണ് തിരഞ്ഞെടുപ്പ്. മെയ് 13-ന് വോട്ടെണ്ണല്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 58,282 പോളിങ് സ്‌റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കുക. 2018-19-ന് ശേഷം 9.17 ലക്ഷം ആദ്യ വോട്ടര്‍മാരുടെ വര്‍ധനവുണ്ടായി. ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്ന എല്ലാ യുവ വോട്ടര്‍മാര്‍ക്കും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

രാഷ്ട്രീയ നാടകങ്ങളുടേയും പരീക്ഷണങ്ങളുടേയും വേദിയായ കര്‍ണാടക ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുക. അഴിമതിയും ജാതി സംവരണവുമാണ് സംസ്ഥാനത്തെ പ്രധാന പ്രചാരണ വിഷയങ്ങള്‍.

കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരിക്കുന്നത്.

Previous Post Next Post