പള്ളിത്തോട്ടം സ്വദേശി വിനോദ് വിൻസന്‍റ് (54) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപം സ്ഥിതി ചെയ്യുന്ന ട്രാവൽസിന്റെ ഉടമയാണ് വിനോദ്.
ശനിയാഴ്ച പുലർച്ചെ 12.45-നാണ് സംഭവം. തീകൊളുത്തുന്നത് കണ്ട് കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ ഓടിയെത്തിയെങ്കിലും തീയുമായി വിനോദ് കുറെ ദൂരം നടന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിനോദ് വസ്തു പണയപ്പെടുത്തി ബാങ്കിൽ നിന്ന് മൂന്നുലക്ഷം രൂപ ലോൺ എടുത്തിരുന്നു. അടവ് മുടങ്ങിയതോടെ കഴിഞ്ഞദിവസം ബാങ്ക് അധികൃതർ വീട്ടിലെത്തി വീട് ജപ്തി ചെയ്യുമെന്നും വാടക വീട് നോക്കണമെന്നും പറഞ്ഞതായും ബന്ധുക്കൾ പറയുന്നു.
കടത്തെ തുടർന്ന് വിനോദ് കുറെനാളായി വീട്ടിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു. നേരത്തെ ട്രാവൽസ് സ്ഥാപനം നടത്തിയിരുന്നതായും പിന്നീട് അതിന്‍റെ പ്രവർത്തനം നിലച്ചതായും ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.