മലബാര്‍ എക്‌സ്പ്രസില്‍ തൃശൂരിനും ആലുവയ്ക്കും ഇടയില്‍ വച്ചായിരുന്നു യാത്രക്കാരില്‍ നിന്നും പ്രതി പിഴ ഈടാക്കിയത്. ആലുവയില്‍ വച്ച് ഇയാള്‍ യഥാര്‍ഥ ടിടിഇ ഗിരീഷ് കുമാറിന്റെ പിടിയിലാവുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസിനു കൈമാറി.
കൊയിലാണ്ടി മൂടാടി സ്വദേശി ഫൈസലിനെയാണ് എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, വഞ്ചന അടക്കമുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി റെയില്‍വേ പോലീസ് വ്യക്തമാക്കി. പ്രതി റെയില്‍വേ കാറ്ററിങ് സര്‍വീസിലെ ജീവനക്കാരനാണെന്നും റെയില്‍വേ പോലീസ് പറഞ്ഞു.
തിരുവനന്തപുരം ഡിവിഷന്‍ കാറ്ററിങ് സര്‍വീസിന്റെ ടാഗ് ധരിച്ച പ്രതി ട്രെയിന്‍ തൃശൂരിലെത്തിയപ്പോഴാണ് സ്ലീപ്പര്‍ കോച്ചില്‍ കയറിയത്. കോച്ചില്‍ ടിടിഇ ആയി ചമഞ്ഞ് ഇയാള്‍ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചു. റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്ത മൂന്നുപേരെ പിടികൂടുകയും ഇവരില്‍ നിന്ന് നൂറ് രൂപ പിഴ ഈടാക്കുകയും ചെയ്തു. രസീത് നല്‍കുന്നതിന് പകരം അവരുടെ ടിക്കറ്റുകളില്‍ തുക എഴുതി ഒപ്പിട്ട് കൊടുക്കുകയായിരുന്നു.
ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഇയാൾ എസി കോച്ചില്‍ കയറി വിശ്രമിക്കുന്നതിനിടെയാണ് യഥാര്‍ഥ ടിടിഇയുടെ പിടിയിലാകുന്നത്. അതോടെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തതിന് പിഴ ഈടാക്കിയ കാര്യം മറ്റ് യാത്രക്കാര്‍ ടിടിഇയെ അറിയിച്ചു. തുടർന്ന് യാത്രക്കാരുടെ സഹായത്തോടെ പ്രതിയെ റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചു. തുടർന്ന് പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.