തൃശൂര്‍: ജനകീയ പ്രതിരോധ ജാഥ വേദിയില്‍ വെച്ച് എം.വി ഗോവിന്ദന് ശകാരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മൈക്ക് ഓപ്പറേറ്ററുടെ പ്രതികരണം പുറത്തുവന്നു. എം.വി ഗോവിന്ദന് പൊതുജന മധ്യത്തില്‍ വെച്ച് ശകാരിച്ചത് കടുത്ത മനോവിഷമം ഉണ്ടാക്കിയെന്ന് മാളയിലെ മൈക്ക് ഓപ്പറേറ്റര്‍ പറഞ്ഞു. ശബ്ദം കുറഞ്ഞപ്പോള്‍ അടുത്ത നിന്ന് സംസാരിക്കാന്‍ മാത്രമാണ് പറഞ്ഞത്, മൈക്ക് ഓപ്പറേറ്റര്‍ വിഷമത്തോടെ പറയുന്നു.
മൈക്കിന് അറിയില്ല ഏത് പാര്‍ട്ടിയുടെ ആളാണ് സംസാരിക്കുന്നതെന്ന്. പൊതു പ്രവര്ത്തകന് മൈക്കിന് മുന്നില്‍ നിന്ന് ബാലന്‍സ് ചെയ്ത് സംസാരിക്കാന്‍ അറിയണം. അത് അറിയാത്തതിന്റെ പ്രശ്നമാണ് എം.വി ഗോവിന്ദന് മാളയില്‍ സംഭവിച്ചത്’, ഓപ്പറേറ്റര്‍ ചൂണ്ടിക്കാണിച്ചു.
മൈക്ക് ഓപ്പറേറ്ററെ പൊതുവേദിയില്‍ അപമാനിച്ച എം വി ഗോവിന്ദനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സംഭവം അതീവ വേദനാജനകമെന്ന് തൃശൂര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന് വ്യക്തമാക്കി. ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച അപമാനിച്ചത് ശരിയായില്ല. വര്‍ഷങ്ങളോളം പരിചയ സമ്പത്തുള്ളയാളാണ് മൈക്ക് ഓപ്പറേറ്റര്‍. സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും അസോസിയേഷന് വ്യക്തമാക്കി.