കൊച്ചിയില്‍ പെയ്ത മഴയില്‍ 'ആസിഡ് സാന്നിധ്യം'


 
 കൊച്ചി : കൊച്ചിയില്‍ പെയ്ത വേനല്‍മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര ചിന്തകനായ ഡോ. രാജഗോപാല്‍ കമ്മത്ത്. 

ലിറ്റ്മസ് ടെസ്റ്റിലുടെയാണ് ആസിഡ് സാന്നിധ്യം തെളിയിച്ചത്. ഇതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവയ്ക്കുയും ചെയ്തു. 

കൊച്ചിയിലെ വായുവിൽ രാസമലീനികരണ തോത് ക്രമാതീതമായി വര്‍ധിച്ചെന്ന് കേന്ദ്രമലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

രാസബാഷ്പ സൂക്ഷ്മകണികകളുടെ അളവ് 300 പോയിന്റ് കടന്നു നില്‍ക്കുമ്പോള്‍ ആയിരുന്നു ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം ഉണ്ടായത്. ഇത് ലോകാരോഗ്യ സംഘടന അനുവദിച്ച അളവ് 50 പോയിന്റില്‍ കൂടുതലാണ്. വായുവിലെ രാസമലിനീകരണം ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലേക്കും വ്യപിച്ചു.

ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം രാസബാഷ്പ കണികകള്‍ക്കു പുറമെ സള്‍ഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരിമാലിന്യത്തിന്റെ അളവും വര്‍ധിച്ചു. അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്സൈഡ് (NO2), സള്‍ഫര്‍ ഡയോക്സൈഡ് (SO2) എന്നിവയുടെ അളവും വര്‍ധിക്കുന്നതായി സിപിസിബി രാസമാപിനികള്‍ നല്‍കുന്ന ഡേറ്റയിലുണ്ട്. ഇതോടെ ആദ്യ വേനല്‍മഴയില്‍ സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആദ്യ വേനല്‍മഴയിലെ അമ്ലസാന്നിധ്യം ജീവജാലങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. എറണാകുളത്തെയും സമീപ ജില്ലകളിലെയും ശുദ്ധജല സ്രോതസ്സുകളെയും ജലാശയങ്ങളിലെ മത്സ്യസമ്പത്തിനെയും പുതുമഴ പ്രതികൂലമായി ബാധിച്ചേക്കാം. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചിലും അടക്കമുള്ള ത്വക്രോഗങ്ങള്‍ക്കു സാധ്യതയുണ്ടെന്നും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നു.


Previous Post Next Post