കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ.


കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ. തുടക്കത്തിൽ പെയ്ത മഴത്തുള്ളികളിൽ സൽഫ്യൂരിക് ആസിഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന് ശാസ്ത്രനിരീക്ഷകൻ രാജഗോപാൽ കമ്മത്ത് പറഞ്ഞു. എന്നാൽ ആസിഡ് മഴ പെയ്തുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ശേഖരിച്ച മഴത്തുള്ളികളുടെ വിശദമായ പരിശോധന നടത്തിയ ശേഷമാകും ഇക്കാര്യം സ്ഥിരീകരിക്കുക. ബ്രഹ്‌മപുരം തീപിടുത്തത്തിനു ശേഷമുള്ള ആദ്യമഴ സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് നേരത്തെ മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയിരുന്നു. കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരസൂചിക ഏറ്റവും മോശം നിലയിൽ എത്തിയിരുന്നു. കൂടാതെ രാസബാഷ്പ മാലിന്യമായ പിഎം 2.5 ന്റെ തോതും വലിയ തോതിൽ വർദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ കൊച്ചിയിൽ വ്യാപകമായി ഇടിമിന്നലോടെ മഴപെയ്തത്. ആദ്യ മഴ കൊള്ളരുതെന്നും മറ്റുമുള്ള നിർദേശം അധികൃതർ നേരത്തെ തന്നെ നൽകിയിരുന്നു. പലയിടത്തും മഴവെള്ളം പതഞ്ഞ രീതിയിൽ കാണപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Previous Post Next Post