മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു പ്രതി പിടിയിൽ


തിരുവനന്തപുരം: മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. പഴയചന്ത കെടിഡിസി ബിയർ പാർലറിന് മുന്നിൽ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. സംഭവത്തിൽ വർക്കല കണ്വാശ്രമം സ്വദേശി ബിനുവി(51)നെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.ബിയർ പാർലറിൽ നിന്ന് ബൈക്ക് എടുത്തു പുറത്തേയ്ക്ക് പോവുകയായിരുന്ന ഷിജു പാർലറിന് മുന്നിൽ നിന്ന ബിനുവുമായി വാക്ക് തർക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബിനു കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഷിജുവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.കത്തികൊണ്ട് ഷിജുവിന്റെ വയറ്റിൽ കുത്തുകയും ഒഴിഞ്ഞു മാറിയ ഇയാളുടെ വയറിന്റെ ഇടത് ഭാഗത്ത്‌ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. മുറിവേറ്റ ശേഷം ഇയാൾ തിരികെ വീട്ടിലേക്ക് പോകുന്ന വഴിമധ്യേ കുഴഞ്ഞു വീഴുകയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിജു ഇപ്പോള്‍ അപകടനില തരണം ചെയ്തു. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തന്നെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതെന്നാണ് ഷിജു പൊലീസിന് നൽകിയിട്ടുള്ള മൊഴി. എന്നാൽ പരിക്കേറ്റ ഷിജു നിരവധി കേസുകളിൽ പ്രതിയാണെന്ന് വർക്കല പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. കൃത്യത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് പോയി പ്രതിയെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തിയും ഇയാളുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post