ഇടുക്കി: പൊള്ളുന്ന വേനൽചൂടിൽ നിന്നൊരു ആശ്വാസമായി ഇടുക്കിയിൽ വേനൽമഴക്കൊപ്പം ആലിപ്പഴം പെയ്തു. കഴിഞ്ഞ ദിവസം പെയ്തമഴയിൽ വൻ തോതിൽ ആലിപ്പഴ വീഴ്ചയുണ്ടായി. ഇതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ കൃഷി നാശവും സംഭവിച്ചു. ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തുടർന്നു.
വരൾച്ച ആനുഭവപ്പെട്ട കൃഷിയിടങ്ങൾക്ക് ആശ്വസാമായാണ് വേനൽമഴ എത്തിയത്. വരും ദിവസങ്ങളിൽ ഇടവിട്ട് വേനൽ മഴ ലഭിച്ചാൽ മാത്രമേ വരൾച്ചയിൽനിന്ന് രക്ഷനേടാനാകൂ. ഇത്തവണ കടുത്ത ചൂടാണ് ഇടുക്കിയുടെ മലയോര പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്.
അതേസമയം സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ- തെക്കൻ കേരളത്തിലും മലയോര മേഖലയിലും കൂടുതൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.