സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷം; എന്‍എസ്എസ് പങ്കെടുക്കില്ല



 കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ ഒന്നിന് വൈക്കത്ത് സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിനായി രൂപീകരിക്കപ്പട്ട സംഘാടക സമിതിയില്‍ നിന്നും എന്‍എസ്എസ് പിന്മാറി.

 സംഘാടകസമിതിയില്‍ വൈസ്‌ ചെയര്‍മാന്‍മാരില്‍ ഒരാളായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെയും ഉള്‍പ്പെടുത്തിയിരുന്നു.

നിലവില്‍ സംഘാടകസമിതിയില്‍ ഉള്‍ക്കൊണ്ട് ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നിലനില്ക്കുന്നത് എന്നുള്ളതുകൊണ്ട് നായര്‍ സര്‍വീസ് സൊസൈറ്റി അതില്‍നിന്ന് ഒഴിഞ്ഞുമാറിനിന്ന് ശതാബ്ദിയാഘോഷത്തില്‍ അഭിമാനം കൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എന്‍എസ്എസ്  ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വിശദമാക്കി.

 പ്രസ്താവനയുടെ പൂര്‍ണ്ണരൂപം...

വൈക്കം സത്യഗ്രഹത്തിനും ഗുരുവായൂര്‍ സത്യഗ്രഹത്തിനും തുടക്കമിട്ടത് ക്ഷേത്രത്തിനു സമീപമുള്ള പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. എന്നാല്‍ മന്നത്തുപത്മനാഭന്‍ നേതൃത്വം ഏറ്റെടുത്തശേഷം പ്രസ്തുത സത്യാഗ്രഹങ്ങള്‍, എല്ലാവിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ളതായി മാറി. ഇതുവഴിയാണ് കേരളത്തിലെ നവോത്ഥാനസംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിപ്ലവാത്മകമായ ഈ സംരംഭങ്ങളില്‍ മന്നത്തുപത്മനാഭന്റേതായ പങ്ക് എന്തായിരുന്നു എന്നുള്ളതിന് ചരിത്രം സാക്ഷിയാണ്. 
എന്നാല്‍, ഇതു സംബന്ധിച്ച തുടര്‍ന്നുള്ള ചടങ്ങുകളിലൊക്കെ, മന്നത്തിനോടൊപ്പമുണ്ടായിരുന്നവര്‍ക്ക് നല്കിവരുന്ന പരിഗണന അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ സംഘടനയ്‌ക്കോ നല്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിട്ടില്ല എന്നു മാത്രമല്ല, ബോധപൂര്‍വം അവഗണിക്കുന്ന സമീപനമാണ് ഇന്നോളം ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ എന്തെങ്കിലും അവകാശവാദം ഉന്നയിക്കുന്നതിനോ പ്രതിഷേധിക്കുന്നതിനോ ആരുംതന്നെ ഇന്നോളം തയ്യാറായിട്ടില്ല. നവോത്ഥാനപ്രവര്‍ത്തനങ്ങള്‍കൊണ്ട് നമ്മുടെ നാടിനുണ്ടായ മാറ്റങ്ങളില്‍ സന്തോഷിക്കുന്നത് നല്ലതുതന്നെ. അതില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ അതിന്റെ ഗുണഭോക്താക്കളുമാണ്. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള സംഘാടകസമിതിയില്‍ വൈസ്‌ചെയര്‍മാന്‍മാരില്‍ ഒരാളായി എന്‍.എസ്.എസ്സിനു വേണ്ടി ജനറല്‍ സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതായി പത്രവാര്‍ത്ത കണ്ടു. സംഘാടകസമിതിയില്‍ ഉള്‍ക്കൊണ്ട് ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നിലനില്ക്കുന്നത് എന്നുള്ളതുകൊണ്ട് നായര്‍ സര്‍വീസ് സൊസൈറ്റി അതില്‍നിന്ന് ഒഴിഞ്ഞുമാറിനിന്നുകൊണ്ട് ശതാബ്ദിയാഘോഷത്തില്‍ അഭിമാനംകൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നവോത്ഥാന സംരംഭങ്ങളില്‍ മന്നത്തുപത്മനാഭന്റെ പാത നായര്‍ സര്‍വീസ് സൊസൈറ്റി എന്നും പിന്തുടരുകതന്നെ ചെയ്യും.

ജി. സുകുമാരന്‍നായര്‍
ജനറല്‍ സെക്രട്ടറി, നായര്‍ സര്‍വീസ് സൊസൈറ്റി



Previous Post Next Post