അടിമാലി: വാക്കുതർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. അടിമാലി അപ്സരക്കുന്ന് രാധ മുരളി (45) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് മുരളീധരൻ ഓടി രക്ഷപ്പെടുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം രാധയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. പണികഴിഞ്ഞ് തിരികെയെത്തിയ മുരളീധരൻ ഭാര്യയോട് കയർക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് പിന്നീട് ആക്രമണത്തിലേക്ക് വഴി വെക്കുകയായിരുന്നു. ആക്രമണത്തിൽ ചെവിക്ക് ഗുരുതരമായി പരിക്കേറ്റ രാധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.