മദ്യത്തിന് പശു സെസ് പ്രഖ്യാപിച്ച് ഹിമാചൽ സർക്കാർ; ‘തുക പശുക്കളുടെ ക്ഷേമത്തിന് ചെലവഴിക്കും’



 ഷിംല : മദ്യത്തിന് പശു സെസ് പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ പത്ത് രൂപ സെസ് ആയി ഈടാക്കുവാനാണ് തീരുമാനം. ഇതുമൂലം പ്രതിവർഷം 100 കോടി രൂപ വരുമാനം നേടുന്നതിന് സഹായിക്കുമെന്ന് 2023-24 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു.

നിലവിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിനായി ‘പശു സെസ്’ അല്ലെങ്കിൽ ‘പശുക്ഷേമ സെസ്’ ഈടാക്കുന്നുണ്ട്.

ഓരോ സംസ്ഥാനവും ഈടാക്കുന്ന സെസ് നിരക്ക് വ്യത്യസ്തമാണ്. ഇത് രണ്ട് ശതമാനം മുതൽ 20 ശതമാനം വരെയാണ്. മദ്യം, കാറുകൾ, ബൈക്കുകൾ ആഡംബര വസ്തുക്കൾ കൂടാതെ അവയുടെ ചരക്കുസേവനത്തിൽ നിന്നുമാണ് പ്രധാനമായും നികുതി സ്വരൂപിക്കുന്നത്.

ഇത്തരത്തിൽ ഈടാക്കുന്ന തുക പശുക്കളെ സംരക്ഷിക്കാനും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പരിപാലിക്കാനും ഗോശാലകൾക്ക് ഫണ്ട് നൽകാനും ചെലവഴിക്കും. നേരത്തേ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാരും സമാന രീതിയില്‍ പശു സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Previous Post Next Post