കോട്ടയം : മന്ത്രി V N വാസവൻ അന്തംകമ്മി നിലവാരത്തിലേയ്ക്ക് തരംതാഴരുത് ,രൂക്ഷ വിമർശനവുമായി എൻ. ഹരി... ഹരിയുടെ പത്രക്കുറിപ്പ്
റബ്ബറിനോട് രണ്ടു ദിവസമായി CPI (M) നേതാക്കൾക്കും സർക്കാരിനും വല്ലാത്ത സ്നേഹമാണ്. പ്രസ്താവനകളും ചർച്ചകളും നടക്കുന്നു. അതിന്റെ ഭാഗമായാവാം മന്ത്രി VN വാസവന്റെ ന്യായീകരണം. കൂലി എഴുത്തുകാർ എഴുതിയതാണെങ്കിൽ താങ്കൾ പ്രസ്താവന പിൻവലിക്കുക. ഇനി താങ്കൾ എഴുതിയതാണെങ്കിൽ കമ്മിയാകാം അന്തംകമ്മിയാകരുത് എന്നു മാത്രമേ പറയാനുള്ളു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണന്ന് നിങ്ങൾ മനസ്സിലാക്കണം.
റബർ കർഷകർക്ക് സഹായം നൽകുന്നത് സംബന്ധിച്ച് മന്ത്രി വി എൻ വാസവന്റെ പ്രസ്താവന അബദ്ധജഡിതവും വസ്തുതകൾ വളച്ചൊടിക്കുന്നതും ആണ് .
എന്തിനും ഏതിനും കേന്ദ്രസർക്കാരിനെ കുറ്റം പറയുന്നത് ഇദ്ദേഹത്തിൻറെ പാർട്ടിയുടെ സ്ഥിരം പല്ലവിയാണ്. അതിൻറെ ഭാഗമായിട്ടേ ഈ പ്രസ്താവനയെയും കാണാൻ സാധിക്കു.
റബർ കർഷകർക്ക് ധനസഹായം നൽകുന്നത് സംസ്ഥാന സർക്കാർ മാത്രമാണ് എന്നുള്ളത് ശുദ്ധ അസംബന്ധമാണ്. ആകെ ഇവർ ചെയ്യുന്നത് കാലങ്ങളായി നിലനിൽക്കുന്ന വില സ്ഥിരത ഫണ്ട് ബഡ്ജറ്റിൽ വക കൊള്ളിക്കുന്ന ചടങ്ങ് മാത്രമാണ്. ഈ തുകയിൽ നിന്ന് കഴിഞ്ഞവർഷം നാമമാത്രമായി ധനസഹായം മാത്രമേ സർക്കാരിന് ചിലവഴിക്കേണ്ടതായി വന്നുള്ളൂ.കാരണം കഴിഞ്ഞവർഷം കർഷകർക്ക് ലഭിച്ചത് അന്നത്തെ താങ്ങുവിലയേക്കാൾ കൂടിയ വിലയായിരുന്നു എന്നതുകൊണ്ടാണ്.
ഈ വർഷം 100 കോടി അധികമായി ബഡ്ജറ്റിൽ വക കൊള്ളിച്ചു എന്ന് ഊറ്റം കൊള്ളുന്ന മന്ത്രി കഴിഞ്ഞ തവണ പ്രഖ്യാപിച്ച 500 കോടിയിൽ നിന്ന് എത്ര രൂപ കർഷകർക്ക് കൈമാറി എന്ന് പറയണം . മാത്രമല്ല തറ വില കിലോയ്ക്ക് 250 രൂപയാകും എന്ന വാഗ്ദാനം സൗകര്യപൂർവ്വം വിഴുങ്ങുകയും ചെയ്തു. റബറിന്റെ തറ വില ഒരു പത്തു രൂപയെങ്കിലും ഉയർത്തിയിട്ടാണ് ഈ വീരവാദ പ്രകടനം എങ്കിൽ അതിൽ കുറച്ചെങ്കിലും ആത്മാർത്ഥതയുണ്ട് എന്ന് അനുമാനിക്കാമായിരുന്നു. തറ വില ഉയർത്താതെ വില സ്ഥിരത ഫണ്ടിൽ ആയിരം കോടി നിക്ഷേപിച്ചാലും കർഷകർക്ക് പ്രയോജനം ഇല്ല എന്ന കാര്യം മന്ത്രി മനസ്സിലാക്കണം.
യുപിഎ ഗവൺമെൻറ് യാതൊരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി ചെയ്തിരുന്ന റബറിന്റെ ഇറക്കുമതി ചുങ്കം 25% ആയി വർദ്ധിപ്പിക്കുകയും കോമ്പൗണ്ട് റബറിന് പുതുതായി ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുകയും നിയന്ത്രണമില്ലാതെ ചണ്ടിപ്പാൽ (കപ്പ് ലംബ് )ഇറക്കുമതി ചെയ്യുവാൻ ചില ലോബികൾ നടത്തിയ ഗൂഡ ശ്രമങ്ങൾ തടഞ്ഞ് പൂർണ്ണമായും ഇതിന്റെ ഇറക്കുമതി തടഞ്ഞതും ഇപ്പോഴത്തെ കേന്ദ്രസർക്കാരാണ്..
റബർ കർഷകർക്ക് കേന്ദ്രം ഒന്നും നൽകുന്നില്ല എന്ന് വിലപിക്കുന്ന മന്ത്രി താഴെപ്പറയുന്ന കേന്ദ്ര ഗവൺമെന്റിന്റെ സഹായങ്ങളെ പറ്റി അറിഞ്ഞിട്ടുണ്ടോ ? അതോ അറിവില്ലായ്മ അലങ്കാരമാക്കുകയാണോ ?
1 റബ്ബർ പുതു കൃഷി /ആവർത്തന കൃഷിക്ക് ഹെക്ടർ പ്രതി 25000/- രൂപ
2 റെയിൻ ഗാർഡ് ചെയ്യുന്നതിന് ഹെക്ടർ പ്രതി 5000/- രൂപ
3 രോഗപ്രതിരോധ മാർഗങ്ങൾക്ക് 7500/- രൂപ
4 റബർ ഉൽപാദക സംഘങ്ങൾക്ക് സമൂഹ സംസ്കരണ ശാലകൾ പണിയുന്നതിന് ധനസഹായം.
5 പുകപ്പുര , ഷീറ്റിംഗ് ബാറ്ററി , ടെ ട്രാപ്പാൻ, സ്പ്രേയർ , പവർ വാഷ് , വീഡ് കട്ടർ തുടങ്ങിയവയ്ക്ക് ധനസഹായം.
അതേപോലെ ടാപ്പിംഗ് തൊഴിലാളികൾ തുടങ്ങി റബ്ബർ മേഖലയിൽ പണിയെടുക്കുന്നവർക്ക് വീട് , കക്കൂസ് ധനസഹായം, കുട്ടികളുടെ വിദ്യാഭ്യാസ ധനസഹായം ,ചികിത്സ ധനസഹായം, പെൺമക്കളുടെ വിവാഹത്തിന് സഹായം , ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി തുടങ്ങി നിരവധി ധനസഹായങ്ങൾ കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കി വരുന്നു.
നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം റബ്ബർ ബോർഡ് പിരിച്ചു വിടും എന്ന് പറഞ്ഞ് നിങ്ങൾ കേരളത്തിൽ വ്യാജ പ്രചരണം നടത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി നേരിട്ട് കോട്ടയത്ത് എത്തി. എന്നാൽ ബോർഡും കേന്ദ്ര സർക്കാറും ഇങ്ങനെ ഒരു നടപടി ഉണ്ടാവില്ലെന്ന് പറഞ്ഞിട്ടും നിങ്ങൾ പ്രതിഷേധം തുടർന്നു. പാർലമെന്റിൽ കൃത്യമായ മറുപടി മന്ത്രി പറഞ്ഞപ്പോൾ പിന്നെ നിങ്ങളെ കണ്ടില്ല.
ഇടതുപക്ഷ M P മാരുടെ ഇടപെടലുകളാണ് ബോർഡ് നിലനിൽക്കാൻ കാരണം എന്ന് താങ്കൾ ഇപ്പോൾ പറയുന്നു. കേരള ഇടതുപക്ഷ M P മാരാണ് തീരുമാനം എടുക്കുന്നതെന്ന് അറിഞ്ഞില്ല! അവരുടെ ഇടപെടൽ ജനം തീരുമാനിക്കട്ടെ. മുഖ്യമന്ത്രി ഇടയ്ക്ക് ഇടയ്ക്ക് പറയുന്ന ഒരു വാക്ക് ഉണ്ട് അത് മാത്രമേ ഇക്കാര്യത്തിൽ പറയാൻ ഉള്ളു.
വസ്തുതകൾ ഇതായിരിക്കേ മന്ത്രിയോട് ഒരു അഭ്യർത്ഥന :
കണ്ണടച്ച് ഇരുട്ടാക്കാതെ വസ്തുതകൾ മനസ്സിലാക്കി പ്രസ്താവന ഇറക്കുക. പതിവ് ജല്പനങ്ങൾ പോലെ കേന്ദ്രത്തിനെ കുറ്റപ്പെടുത്തി പ്രസ്താവന ഇറക്കിയാൽ അത് തൊണ്ട തൊടാതെ വിഴുങ്ങുന്നവർ അല്ല ഇവിടത്തെ റബർ കർഷകർ എന്ന് അങ്ങയെ അറിയിക്കുന്നു.
അതോടൊപ്പം റബർ കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാരും റബ്ബർ ബോർഡും പ്രതിജ്ഞാബദ്ധരാണ്. അതിനായി കൂടുതൽ മെച്ചപ്പെട്ട കാർഷിക ക്ഷേമ പദ്ധതികളുമായി എന്നും കർഷകരുടെ ഇടയിൽ കേന്ദ്രസർക്കാരും റബ്ബർ ബോർഡും ഉണ്ടാകുമെന്ന് അറിയിക്കട്ടെ.
എൻ. ഹരി
[ ബിജെപി മധ്യമേഖലാ പ്രസിഡന്റ് & റബർ ബോർഡ് എക്സിക്യൂട്ടീവ് അംഗം ]