നാട്ടിലേക്ക് പോകാനായി റിയാദ് വിമാനത്താവളത്തിലെത്തി വിമാനത്തിൽ കയറിയിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. കണ്ണൂർ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദ് (54) ആണ് മരിച്ചത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 11.30-ഓടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം.
ബോർഡിങ് പാസെടുത്തും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കി വിമാനത്തിൽ കയറി പുറപ്പെടാനായി കാത്തിരിക്കുമ്പോൾ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ വിമാനത്താവളത്തിലെ ഡോക്ടർമാരെത്തി പരിശോധിച്ചു. പ്രാഥമികശുശ്രൂഷക്ക് ശേഷം തൊട്ടടുത്തുള്ള കിങ് അബ്ദുല്ല ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചതായി അവിടെ വെച്ച് സ്ഥിരീകരിച്ചു.
35 വർഷമായി പ്രവാസിയായ അദ്ദേഹം റിയാദിൽനിന്ന് 200 കിലോമീറ്ററകലെ മജ്മഅ പട്ടണത്തിൽ ലഘുഭക്ഷണ ശാല (ബൂഫിയ) നടത്തുകയായിരുന്നു. മൂന്നാഴ്ച മുമ്പ് നെഞ്ചുവേദനയുണ്ടാവുകയും റിയാദിലെ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാവുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സ തേടുക എന്ന ലക്ഷ്യത്തോടെ അവധിയെടുത്ത് നാട്ടിലേക്ക് പോകാനാണ് രാവിലെ റിയാദ് വിമാനത്താവളത്തിലെത്തിയത്. 11.40-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 45 മിനുട്ടോളം വൈകിയിരുന്നു. അതിനിടയിലാണ് മുഹമ്മദിന് ശാരീരികാസ്വാസ്ഥ്യമുണ്ടാകുന്നത്. തുടർന്ന് വൈദ്യ സംഘമെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന ഉറപ്പാക്കിയ ശേഷം അൽപം വൈകിയാണ് വിമാനം പുറപ്പെട്ടത്.