ചെങ്ങന്നൂർ : ഗർഭിണിയായ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്ത് പോലീസ്. ബിഹാർ സ്വദേശി അഞ്ജനി റായ് എന്നയാളാണ് അറസ്റ്റിലായത്. എട്ടുമാസം ഗർഭിണിയായ ഡോക്ടറെയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലാണ് സംഭവം അരങ്ങേറിയത്.
അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ നീരജ അനു ജെയിംസിന് നേരെയാണ് ഇയാൾ ആക്രമണം നടത്താൻ നോക്കിയത്. അപസ്മാര രോഗലക്ഷണങ്ങളുമായി ചികിത്സക്കെത്തിയ സരൺ എന്നയാൾക്കൊപ്പമാണ് അഞ്ജനി റായ് ആശുപത്രിയിലെത്തിയത്. നീരജയാണ് ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. സരണിനെ പരിശോധിച്ച നീരജ ഇയാൾക്ക് ചികിത്സ നൽകി. സരണിന് ബോധം തെളിഞ്ഞപ്പോൾ തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതായിരുന്നു തർക്കങ്ങളുടെ തുടക്കം. ഈ തർക്കം രൂക്ഷമായതോടെയാണ് ഇയാൾ നീരജയെ ആക്രമിക്കാൻ ശ്രമിച്ചത്.
അക്രമിയെ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും മർദ്ദനമേറ്റു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചെങ്ങന്നൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.