അടയ്ക്ക മോഷണം .. ആള്‍ക്കൂട്ടമര്‍ദ്ദനത്തിരയായ യുവാവ് ഗുരുതരാവസ്ഥയില്‍,


തൃശൂര്‍: കിള്ളിമംഗലത്ത് യുവാവ് ആള്‍ക്കൂട്ടമര്‍ദ്ദനത്തിന് ഇരയായി. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ്(32) ആണ് മര്‍ദ്ദനത്തിനിരയായത്. ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. കിള്ളിമംഗലം സ്വദേശി അബ്ബാസിന്‍റെ വീട്ടില്‍വച്ചാണ് സന്തോഷിന് മര്‍ദ്ദനമേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അബ്ബാസിന്‍റെ വീട്ടില്‍ നിന്ന് സ്ഥിരമായി അടയ്ക്ക മോഷണം പോകാറുണ്ടായിരുന്നു. തുടര്‍ന്ന്, വീട്ടുകാര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെ ഇയാള്‍ ഇവിടെ നിന്ന് അടയ്ക്ക എടുക്കാന്‍ വരുന്നതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിച്ചശേഷം ഇയാളെ പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
Previous Post Next Post