ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ നടന്നത് ഭീകരാക്രമണമെന്ന സ്ഥിരീകരണവുമായി സൈന്യം. ട്രക്കിന് തീപിടിച്ചത് ഗ്രനേഡ് ആക്രമണത്തിലെന്ന് സൈന്യം സ്ഥിരീകരിച്ചു. സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ച് ജവാന്മരാണ് അപകടത്തില്‍ വീരമൃത്യു വരിച്ചത്.
ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികര്‍ക്കാണ് വീരമൃത്യു. സൈന്യവും പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സൈന്യം നല്‍കുന്ന വിവരം. സംഭവത്തില്‍ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ പ്രതിരോധമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലേക്ക് പോകുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണമുണ്ടായത്. ആദ്യഘട്ടത്തിൽ സൈനികവാഹനത്തിന് തീപിടിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. എന്നാൽ രാത്രിയോടെ സൈന്യം നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥീരികരിക്കുകയായിരുന്നു. വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ വാഹനത്തിന് നേരെ വെടിവെക്കുകയായിരുന്നു. തുടർന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സൈന്യം സംശയിക്കുന്നത്. രാഷ്ട്രീയ റൈഫിൾസിലെ ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ രജൌരിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.