മസ്കറ്റ്: ഒമാനില്‍ ക്ലോറിന്‍ വാതകം ചോര്‍ന്ന് 42 പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വടക്കൻ ബാത്തിനയിലെ മുവൈലിഹ് വ്യവസായ മേഖലയിലെ ഒരു കമ്പനിയിൽ സിലിണ്ടറില്‍ സംഭരിച്ചിരുന്ന ക്ലോറിൻ വാതകമാണ് ചോര്‍ന്നത്. ശ്വാസ തടസംം അനുഭവപ്പെട്ട 42 പേരെ ആശുപത്രിയിലേക്ക് മാറ്റി.
ചിലരുടെ നില ഗുരുതരമാണ്. വാതക ചോര്‍ച്ച നിയന്ത്രിക്കാന്‍ സാധിച്ചതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഒമാന്‍ എണ്‍വയോണ്‍മെന്റ് അതോറിറ്റിയും അറിയിച്ചു. ചോര്‍ച്ചയുണ്ടായ സിലിണ്ടര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ നടപടിക്രമങ്ങൾ കർശനമായും പാലിക്കണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.