തിരു: യു.എ.ഇ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അമേരിക്ക- ക്യൂബ സന്ദര്‍ശനത്തിന് തയാറെടുക്കുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബയും സന്ദര്‍ശിക്കും. അടുത്ത മാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദര്‍ശിക്കുന്നത്. ജൂണ്‍ എട്ട് മുതല്‍ 18 വരെയാണ് സന്ദര്‍ശനം.
ലോകബാങ്കുമായി അമേരിക്കയില്‍ ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്. സംഘത്തില്‍ സ്പീക്കറും ധനമന്ത്രിയും ഉള്‍പ്പടെ 11 അംഗങ്ങളാണുള്ളത്. യുഎസില്‍ നടക്കുന്ന ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ക്യൂബയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രിയെ അനുഗമിക്കും. മുഖ്യമന്ത്രി അമേരിക്ക സന്ദര്‍ശിക്കുമെന്ന് മുന്‍പ് തന്നെ നിശ്ചയിച്ചിരുന്നു. മുഖ്യമന്ത്രി ക്യൂബയും സന്ദര്‍ശിക്കുമെന്ന വിവരം ഇപ്പോഴാണ് പുറത്തെത്തുന്നത്. എന്നാല്‍ യാത്രയ്ക്ക് ഇതുവരെ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. യാത്രാനുമതിയ്ക്കായി മുഖ്യമന്ത്രി ഉടന്‍ കേന്ദ്രത്തെ സമീപിക്കും.