മലമുകളില്‍ നിന്ന് കൂറ്റന്‍ പാറ ഉരുണ്ടുവന്ന് കാറില്‍ ഇടിച്ചു; പുഴയില്‍ വീഴാതിരുന്നത് തലനാരിഴയ്ക്ക്, അത്ഭുത രക്ഷ



 മൂന്നാര്‍ : മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന കുറ്റന്‍ പാറ ഇടിച്ച് കാര്‍ തകര്‍ന്നു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ അന്തര്‍ സംസ്ഥാന പാതയില്‍ പെരിയവര റോഡിലാണ് സംഭവം.
 സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് പരിക്കേറ്റത്. 

 മൂന്നാര്‍-ഉതുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിയവര റോഡില്‍ മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന പാറ വാഹനത്തിന്റെ ഒരു വശത്ത് ഇടിക്കുകയായിരുന്നു. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. 


മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന പാറ റോഡിന് മുകളിലുള്ള മണ്‍തിട്ടയില്‍ പതിച്ച് രണ്ടായി പിളര്‍ന്നു. ഇതില്‍ ഒരു ഭാഗമാണ് കാറിന്റെ ഡ്രൈവിങ് സീറ്റിനടുത്തുള്ള ഭാഗത്ത് ഇടിച്ചത്. വാഹനത്തില്‍ ഇടിച്ച ശേഷം പാറ പെരിയവാര പുഴയില്‍ പതിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനം റോഡില്‍ നിന്ന് തെന്നിമാറി പെരിയവാരാ പുഴയ്ക്ക് സമീപമുള്ള മണ്‍ തിട്ടയില്‍ തട്ടി നില്‍ക്കുകയായിരുന്നു. 

തലനാരിഴയക്കാണ് കൂടുതല്‍ വലിയ അപകടം ഉണ്ടാകാതെ ഒഴിവായതെന്ന് ദൃക്‌സാക്ഷിയായ കരിക്ക് വില്പനക്കാരന്‍ പറഞ്ഞു.

 സഞ്ചാരികളെ രാജമലയില്‍ ഇറക്കിവിട്ട ശേഷം കാർ മൂന്നാര്‍ ടൗണിലേക്ക് എത്തുന്ന വഴിക്കായിരുന്നു അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് അഗ്നിശമനാസേനയും ആംബുലന്‍സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റ ഡ്രൈവറെ മൂന്നാര്‍ ടാറ്റ ഹൈറെഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous Post Next Post