ആലപ്പുഴ : കായംകുളം നഗ്നദൃശ്യ വിവാദത്തിൽ സിപിഎമ്മിൽ അച്ചടക്ക നടപടി. വീഡിയോ കോളിൽ നഗ്ന ദൃശ്യം കണ്ട പുതുപ്പള്ളിയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ബിനു ജി ധരനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വീഡിയോ കോളിൽ ഉൾപ്പെട്ട പാർട്ടി അംഗമായ വനിതയ്ക്കും സസ്പെൻഷനുണ്ട്. ഇന്നലെ രാത്രിയിൽ ചേർന്ന പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം.
പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റിയംഗം എ പി സോണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദം. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സോണയെ പാർട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ഇപ്പോൾ കായംകുളത്തെ ഒരു ലോക്കൽ കമ്മിറ്റി അംഗവുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്ത് വരുന്നത്. സിപിഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. പാർട്ടി പോഷക സംഘടനായ ബാലസംഘം, വേനലവധിയുടെ ഭാഗമായി നടത്തുന്ന വേനൽത്തുമ്പി കലാജാഥയുടെ പ്രാദേശിക കണ്‍വീനർ കൂടിയാണ് വിവാദത്തിൽ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയംഗം ബിനു ജി ധരൻ.
കായംകുളത്തെ ഏരിയാ കമ്മിറ്റി അംഗം യേശുദാസന്‍റെ വിവാദ വാട്സ്അപ് സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം ബോര്‍ഡിലെ നിമയമനങ്ങുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. തൊഴിലവസരങ്ങള്‍ പരമാവധി ഹിന്ദു ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യണെമെന്നാണ് ഒഴിവുകളുടെ അറിയിപ്പുകൾ പങ്കുവെച്ചു കൊണ്ട് യേശുദാസന്‍ ആവശ്യപ്പെട്ടത്.
അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ മർദ്ദിച്ചതിന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ ബിപിന്‍ സി ബാബുവിനെ ഇന്നലെയാണ് സിപിഎം ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെന്‍റ് ചെയ്തത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ഭാര്യ മിനീസ ജബ്ബാർ മൂന്ന് മാസം മുൻപ് നൽകിയ പരാതി സിപിഎം ജില്ലാ നേതൃത്വം പൂഴ്ത്തിവെച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അടക്കമുള്ളവരെ രൂക്ഷമായി വിമർശിച്ചതോടെയാണ് ബിപിന്‍ സി ബാബുവിനെതിരെ നടപടി എടുക്കാൻ തയ്യാറായത്.