കഴുത്ത് അറുത്തു.. ചെവി അറുത്തു മാറ്റി… 27 വർഷം ഒളിവിൽ…. ഇനി ശിഷ്ടകാലം ജയിലിൽ


മാവേലിക്കര : കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിച്ച ശേഷം ഒളിവിൽ പോയി 27 വർഷത്തിന് ശേഷം പിടിയിലായ പ്രതിയെ ശിക്ഷ അനുഭവിക്കാനായി ജയിലിലേക്ക് മാറ്റി. മാവേലിക്കര അഡിഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി രണ്ട് ഇന്നലെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് അയച്ചത്. ഇന്നലെ രാവിലെ ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ പോലീസ്, സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഹൈക്കോടതി വിധി നടപ്പിലാക്കാൻ ജയിലിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് കോടതികൾ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുപോയി.

ഇന്നലെ റെജിയെ കോടതിയിൽ കൊണ്ടുവന്നത് കാണുവാൻ മറിയാമ്മയുടെ മകൾ സൂസമ്മ അടക്കം കോടതിയിൽ എത്തിയിരുന്നു. അറുന്നൂറ്റിമംഗലം പുത്തൻവേലിൽ ബിജു ഭവനത്തിൽ റെജി എന്ന അച്ചാമ്മയെയാണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്. പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്ത് കാടുവെട്ടിവിള വീട്ടിൽ മിനി രാജു എന്ന വ്യാജ പേരിൽ താമസിച്ചുവരികയായിരുന്നു. 1990 ഫെബ്രുവരിയിലാണ് മറിയാമ്മയെ വീടിനുള്ളിൽ കൊലചെയ്യപ്പട്ട നിലയിൽ കണ്ടെത്തിയത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് മാറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതിൽ നിന്നും കമ്മൽ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് റെജി അറസ്റ്റിലായത്. 1993ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി റെജിയെ കേസിൽ വെറുതെ വിട്ടു. ഇതിന്മേൽ പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്തംബർ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാൽ വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോകുകയായിരുന്നു.
أحدث أقدم