തിരുവനന്തപുരം: ഉച്ചക്കടയില്‍ എ.ടി.എം കൗണ്ടറിലെ നിരീക്ഷണ ക്യാമറയും ഡി.വി.ആറും, മോഡവും പിന്നാലെ തടിക്കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച അതിഥി തൊഴിലാളിയെ ബാലരാമപുരം പൊലീസ് പിടികൂടി. ജാര്‍ഖണ്ഡ് സഹേബ് ഗഞ്ചി ജില്ലയില്‍ പൂര്‍വാര്‍ഡില്‍ ബിഷ്ണു മണ്ഡല്‍(33) ആണ് പിടിയിലായത്. ഇയാള്‍ ഉച്ചക്കടയിലെ ഒരു അതിഥിത്തൊഴിലാളി കേന്ദ്രത്തിലെ അന്തേവാസിയാണെന്ന് പൊലീസ് പറഞ്ഞു.
വട്ടിയൂർകാവ് മുക്കോല റോസ് ഗാര്‍ഡര്‍ തിരുവാതിര വീട്ടില്‍ രഘുനാഥപിള്ളയുടെ മകന്‍ പ്രേംകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് എ.ടി.എം കൗണ്ടര്‍. ഉച്ചക്കടയില്‍ നാരായണ ട്രേഡിംഗ് ഏജന്‍സി നടത്തിവരുകയാണ് ഇദ്ദേഹം. എ.ടി.എം കൗണ്ടറില്‍ നടത്തിയ മോഷണത്തില്‍ 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. രണ്ട് സംഭവത്തിലും ബാലരാമപുരം പൊലീസ് എസ്.എച്ച്.ഒ വിജയകുമാര്‍, എസ്.ഐ അജിത് കുമാര്‍ എന്നിവരുടെ നേത്യത്വത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി വരുകയാണ്. ബിഷ്ണു മണ്ഡലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.